മുംബൈ: അജിത് പവാറിനൊപ്പം പോയ ഭൂരിപക്ഷം എംഎൽഎമാരെയും തിരികെയെത്തിച്ച് ശരദ് പവാർ വിശ്വരൂപം പുറത്തെടുത്തതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക ബിജെപിക്ക് കനത്ത വെല്ലുവിളിയായി. കേവല ഭൂരിപക്ഷം തെളിയിക്കാൻ ഇനി 21 എംഎൽഎമാരുടെ പിന്തുണ കൂടി ബിജെപിക്ക് വേണം. മറുവശത്ത് കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം 158 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.

35 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പാർട്ടി പിളർത്താനെത്തിയ അജിത് പവാറിനൊപ്പം ഇപ്പോഴുള്ളത് ആകെ 4 എംഎൽഎമാർ മാത്രം.105 എംഎൽമാരുള്ള ബിജെപി 14 സ്വതന്ത്രരെ  ഒപ്പം കൂട്ടിയാൽ ആകെ 119 എംഎൽഎമാരുടെ പിന്തണുയാവും. മുപ്പതിലധികം എംഎൽഎമാരുമായി  അജിത് പവാർ എത്തിയാൽ 145 എന്ന മാന്ത്രിക സംഖ്യയിലേക്കെത്താം എന്ന ബിജെപിയുടെ കണക്ക് കൂട്ടലാണ് ശരദ് പവാർ മുളയിലേ നുള്ളിയത്. പവാർ വിളിച്ച് ചേർത്ത നിയമസഭാ കക്ഷിയോഗത്തിലേക്ക് അജിത് പവാറിനൊപ്പം പോയ എംഎൽഎമാർ ഒഴുകിയെത്തി. ചിലരെ ശിവസേനാ നേതാക്കൾ പിടിച്ച്കൊണ്ടുവന്നു. 

44 കോൺഗ്രസ് എംഎൽഎമാർ,  56 സേനാ എംഎൽഎമാർ ഒപ്പം ശരദ്പവാറിനൊപ്പമുള്ള 49 എൻസിപി എംഎൽഎമാരും ചേരുമ്പോൾ മഹാ വികസൻ അഖാഡിക്ക് 149 എംഎൽഎമാരുടെ പിന്തുണയുണ്ട്. ശിവസേനയ്ക്കൊപ്പം 9 സ്വതന്ത്രർ കൂടിയുണ്ട്. അങ്ങനെയെങ്കിൽ ഭൂരിപക്ഷം 158 ആവും. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ഫഡ്നാവിസിനെ എളുപ്പം വീഴ്ത്താം. നിയമസഭാ കക്ഷി നേതൃസ്ഥാനത്തിനൊപ്പം വിപ്പ് നൽകാനുള്ള അധികാരവും അജിത് പവാറിൽ നിന്ന് എടുത്ത് മാറ്റി എൻസിപി കരുതലെടുത്തിട്ടുണ്ട്. എംഎൽഎമാരെ റിസോർട്ടുകളിലൊളിപ്പിച്ച് അടിയൊഴുക്ക് തടയുകയാണ് ഇപ്പോൾ എൻസിപിയും ശിവസേനയും.