പൂണെ: കനത്ത മഴയെ തുടർന്ന് ബഹുനില കെട്ടിടത്തിന്റെ മതിൽ തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മരിച്ച 15 പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

ഇന്ന് പുലർച്ചെ 1.45ന് ഉണ്ടായ കനത്ത മഴയിലാണ് പൂണെയിൽ നിർമ്മാണം നടന്നു കൊണ്ടിരുന്ന കെട്ടിടത്തിന്റെ  മതിൽ തകർന്ന് വീണത്. അപകടത്തിൽ നാല് കുട്ടികളും ഒരു സ്ത്രീയും അടക്കം 15 പേർ മരിച്ചു. നിർമ്മാണ ജോലിക്കെത്തിയ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ഇവർ. മതിലിനോട് ചേർന്നു നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 127 മില്ലിമീറ്റർ മഴയാണ് മുംബൈ നഗരത്തിൽ മാത്രം രേഖപ്പെടുത്തിയത്. സയേൺ, ലോവർ, പരേൽ തുടങ്ങിയ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ സർവ്വീസുകൾ ഉൾപ്പടെ ഗതാഗതം  തടസപ്പെട്ടു. 

മഴ ശക്തമായതിനാൽ തീര മേഖലയിൽ കടൽ ക്ഷോഭവും രൂക്ഷമാണ്. അടുത്ത 24 മണിക്കൂർ കൂടി മഹാരാഷ്ട്രയിൽ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.