മുംബൈ: ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തിൽ മഹാരാഷ്ട്ര സർക്കാർ പുനരന്വേഷണം നടത്തിയേക്കും. ശക്തമായ തെളിവുകളോടെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്രയിലെ എൻസിപി മന്ത്രി നവാബ് മാലിക്ക് പറഞ്ഞു. ലോയയുടെ ബന്ധുക്കളടക്കമുള്ള പരാതിക്കാരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും പിന്നാലെ പറഞ്ഞു. 

ശരദ് പവാറിന്‍റെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന എൻസിപി മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് മന്ത്രിമാരുടെ പ്രസ്താവന വന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തിൽ സംശയങ്ങൾ അവസാനിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് മന്ത്രി നവാബ് മാലിക്ക് പറഞ്ഞു. വ്യക്തമായ തെളിവുകൾ ലഭിക്കുന്നതടക്കമുള്ള പുതിയ സാഹചര്യം ഉണ്ടായാൽ  മാത്രമാണ് അന്വേഷണം നടത്തുക. ലോയയുടെ ബന്ധുക്കളുമായി ഉടൻ കൂടിക്കാഴ്ച നടത്തിയ ശേഷം പുനരന്വേഷണത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. 

ത്രികക്ഷി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ എൻസിപി അധ്യക്ഷൻ ശരദ് പവാറും ഇതേ ആവശ്യം മുന്നോട്ട് വച്ചത് മന്ത്രിമാർ ഓർമിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജിയായിരുന്നു ലോയ. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരിക്കുന്നത്. ബന്ധുക്കൾ പരാതിയുമായി എത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു.