സംസ്ഥാന സർക്കാർ ജോലികളിൽ മറാത്താ സമുദായത്തിന് മതിയായ പ്രാതിനിധ്യമില്ല. കാർഷിക വരുമാനത്തിൽ ഇടിവ്, ഭൂമിയുടെ വിഭജനം, യുവാക്കൾക്ക് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്തത് എന്നിവ കാരണം സമൂഹം പിന്നാക്കാവസ്ഥയിലാണെന്നും സാമ്പത്തിക നിലവാരത്തകർച്ചയ്ക്ക് കാരണമായെന്നും പറയുന്നു.
മുംബൈ: സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം നൽകുന്ന കരട് ബില്ലിന് മഹാരാഷ്ട്ര മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. ബിൽ അംഗീകാരത്തിനായി അടുത്ത ദിവസം നിയമസഭയിൽ അവതരിപ്പിക്കും. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ മറാത്ത സമുദായത്തിന് സംവരണത്തിന് അർഹതയുണ്ടെന്ന് കരട് ബില്ലിൽ പറയുന്നു. സംസ്ഥാനത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് ബാക്ക്‌വേർഡ് ക്ലാസ് കമ്മീഷൻ (എംഎസ്ബിസിസി) നടത്തിയ മറാത്താ സർവേയുടെ കണ്ടെത്തലുകൾ പ്രകാരമാണ് ബില്ലെന്നും സർക്കാർ അറിയിച്ചു.
1.6 കോടി കുടുംബങ്ങളിലാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത ജനസംഖ്യയുടെ 28 ശതമാനം മറാത്ത സമുദായത്തിൽ നിന്നുള്ളവരാണ്. ജനറൽ വിഭാഗത്തിലെ 18% ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ സർവേയിൽ പങ്കെടുത്ത മറാത്താ കുടുംബങ്ങളിൽ 21 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരോ അല്ലെങ്കിൽ മഞ്ഞ റേഷൻ കാർഡുള്ളവരോ ആണെന്ന് പറയുന്നു. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കർഷകരിൽ 94 ശതമാനവും മറാത്ത സമുദായത്തിൽപ്പെട്ടവരാണെന്നും സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മറാഠാ സമുദായത്തിൻ്റെ പ്രാതിനിധ്യം കുറവാണെന്നും സർവേ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ജോലികളിൽ മറാത്താ സമുദായത്തിന് മതിയായ പ്രാതിനിധ്യമില്ല. കാർഷിക വരുമാനത്തിൽ ഇടിവ്, ഭൂമിയുടെ വിഭജനം, യുവാക്കൾക്ക് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്തത് എന്നിവ കാരണം സമൂഹം പിന്നാക്കാവസ്ഥയിലാണെന്നും സാമ്പത്തിക നിലവാരത്തകർച്ചയ്ക്ക് കാരണമായെന്നും പറയുന്നു. കാർഷിക മേഖലയെയാണ് മറാത്ത സമൂഹം കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ, കാർഷിക മേഖല കുറഞ്ഞുവരികയാണെന്നും സെക്യൂരിറ്റി ഗാർഡുകൾ, സഫായി തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഡബ്ബാവാലകൾ, ഡ്രൈവർമാർ എന്നിവരുൾപ്പെടെയുള്ള ജോലികളെയാണ് മറാത്ത സമൂഹം പ്രധാനമായും ആശ്രയിക്കുന്നതെന്നും പറയുന്നു.
