മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് മദ്യം വീട്ടിലെത്തിക്കാന്‍ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. അനുമതി ലഭിച്ച റീട്ടെയില്‍ ഷോപ്പുകള്‍ക്ക് മദ്യം വീടുകളിലെത്തിച്ച് നല്‍കാന്‍ അനുമതി നല്‍കിയെന്നും ഹോം ഡെലിവറി സംവിധാനം ഉടന്‍ ആരംഭിക്കാമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായുള്ള മാനദണ്ഡങ്ങളും പുറത്തിറക്കി. മദ്യം വീടുകളിലെത്തിച്ച് നല്‍കുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയം വേണമെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയാണ് വില്‍ക്കാന്‍ അനുമതി. ലോക്ക്ഡൗണില്‍ മദ്യഷാപ്പുകള്‍ക്ക് ഇളവ് നല്‍കിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മദ്യഷാപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിരുന്നു. ഇ-ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയെങ്കിലും സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് ഷോപ്പുകള്‍ പൂട്ടാന്‍ ഉത്തരവിട്ടു. പിന്നീടാണ് മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.