മുംബൈ: സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കരാര്‍ ജീവനക്കാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഡ്രസ് കോഡ്. ജീന്‍സും, ടീ ഷര്‍ട്ടും, വള്ളി ചപ്പലും ജീവനക്കാര്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ധരിക്കാന്‍ പാടില്ലെന്നാണ് അറിയിപ്പ്. ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമാക്കുന്നു. 

കരാര്‍ തൊഴിലാളികളും ചില ജീവനക്കാരും സ്ഥിരമായി ഇത്തര വേഷങ്ങളില്‍ ഓഫീസുകളില്‍ എത്തുന്നുണ്ട്. ഇത് ഉചിതമല്ല. പൊതുജനത്തിന് സര്‍ക്കാര്‍ ജീവനക്കാരേക്കുറിച്ച് തെറ്റിധാരണ പരത്താന്‍ ഇത്തരം വേഷവിതാനം കാരണമാകുമെന്നാണ് നിരീക്ഷണം. പൊതു ഭരണ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വനിതാ ജീവനക്കാരടക്കമുള്ളവര്‍ക്ക് ഓഫീസിലെത്താന്‍ അനുമതിയുള്ള ഡ്രസ് കോഡും ഉത്തരവിലുണ്ട്. 

സാരി, സല്‍വാര്‍, ചുരിദാര്‍ , കുര്‍ത്ത, കുര്‍ത്ത- ട്രൌസേര്‍സ്, ഷര്‍ട്ട്- ട്രൌസേര്‍സ് ആവശ്യമെങ്കില്‍ ദുപ്പട്ടയും വനിതാ ജിവനക്കാര്‍ക്ക് ഉപയോഗിക്കാം. പുരുഷ ജീവനക്കാര്‍ക്ക് ഷര്‍ട്ടും പാന്‍റ്സും ധരിക്കാം. വിചിത്രമായ എബ്രോയ്ഡറിയോ പാറ്റേണുകളോ വളരെയധികം നിറത്തോട് കൂടിയ വസ്ത്രങ്ങളോ ഓഫീസുകളില്‍ ധരിക്കരുത്. ജീന്‍സും ടീ ഷര്‍ട്ടും ഓഫീസിന് പുറത്തായി. വനിതാ ജീവനക്കാര്‍ ചെരുപ്പുകള്‍ ധരിക്കണം, പുരുഷന്‍മാര്‍ ഷൂസോ, ചെരുപ്പോ ധരിക്കണം. ചപ്പലുകള്‍ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. വെള്ളിയാഴ്ചയാണ് ഖാദി ധരിക്കാനുള്ള ദിവസം. ധരിക്കുന്ന വസ്ത്രം വൃത്തിയുള്ളതായിരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.