മുംബൈ: ബോട്ടിലിൽ പെട്രോള്‍ നല്‍കാത്തതിന്റെ പേരിൽ പെട്രോള്‍ പമ്പിലെ സ്ത്രീക്ക് നേരെ പാമ്പിനെ എറിഞ്ഞ് യുവാവ്. മുംബൈ മല്‍ക്കാപൂര്‍ റോഡിലെ ചൗധരി പെട്രോള്‍ സ്‌റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

പമ്പിലെത്തിയ യുവാവ് ബോട്ടിലിൽ പെട്രോള്‍ വേണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ നിയമം അനുസരിച്ച് ബോട്ടിലിൽ പെട്രോള്‍ നല്‍കാന്‍ അനുമതിയില്ലാത്തതിനാല്‍ ഈ ആവശ്യം നിരസിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ ജീവനക്കാരി ഇരുന്ന ക്യാബിനിലേക്ക് ജീവനുളള പാമ്പിനെ എറിയുകയായിരുന്നു. 

ജാറില്‍ നിന്ന് പാമ്പിനെ പുറത്തേക്ക് ഇടുന്നതും പാമ്പ് ഇഴഞ്ഞു പോകുന്നതും യുവാവ് ഓടി മറയുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.