വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന അശാസ്ത്രീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

മുംബൈ: വിവാദമായ 'വിരല്‍ കന്യാകത്വ പരിശോധന' സിലബസില്‍നിന്നൊഴിവാക്കി മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂനിവേഴ്സിറ്റി. പാഠപുസ്തകങ്ങളില്‍നിന്ന് ഈ പാഠഭാഗങ്ങളില്‍ നീക്കാനും തീരുമാനമായി. വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന അശാസ്ത്രീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

രാജ്യത്ത് ആദ്യമായാണ് ഒരു സ്ഥാപനം വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന സിലബസില്‍നിന്ന് നീക്കം ചെയ്യുന്നത്. ഏപ്രിലില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് പരിശോധന പാഠഭാഗത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനമായത്. ശാസ്ത്രീയ അടിത്തറയില്ലാത്തതിനാലാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്ന് സര്‍വകാലാശാല രജിസ്ട്രാര്‍ ഡോ. കെഡി ചവാന്‍ പറഞ്ഞു. 
കഴിഞ്ഞ വര്‍ഷം കന്യകത്വത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങളും ധാരണകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ച് മഹാത്മ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് അധ്യാപകന്‍ ഡോ. ഇന്ദ്രജിത് ഖണ്ഡേക്കര്‍ എംസിഐക്കും ആരോഗ്യ മന്ത്രാലയത്തിനും സര്‍വകാലാശാലയ്ക്കും കത്തെഴുതിയിരുന്നു. 

വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന തികച്ചും അശാസ്ത്രീയമാണെന്നും ലിംഗവിവേചനവും വ്യക്തിഹത്യയുമാണെന്ന് ഡോ. ഇന്ദ്രജിത് ഖണ്ഡേക്കര്‍ പറഞ്ഞു. വിരല്‍ ഉപയോഗിച്ച് കന്യകത്വ പരിശോധന നടത്തുന്നത് നിരോധിച്ച് 2013ല്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്ര പരാതിയില്‍ വിരല്‍ പരിശോധന നടത്തിയാണ് പലയിടങ്ങളിലും സ്ഥിരീകരണം നടത്തുന്നത്.