ഗൂഢാലോചന നടത്താൻ ഇക്കൊല്ലം പ്രതികളായ സിയയും ചേതനും രണ്ടായിരത്തിനാല് തവണ ഫോൺവിളിച്ചു. പരസ്പരം നടത്തിയത് 2004 ഫോൺകോളുകൾ ആണെന്ന് പ്രതികൾ വെളിപ്പെടുത്തി.

ദില്ലി: മഹാരാഷ്ട്രയിൽ ട്രെക്കിംഗിനിടെ യുവാവിനെ പ്രതിശ്രുത വധുവും കാമുകനും തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ. ആറുമാസം നീണ്ട ഗൂഢാലോചനയ്ക്കൊടുവിലാണ് യുവാവിനെ ട്രക്കിംഗിന്റെ പേരിൽ മലമുകളിലെത്തിച്ച് തള്ളിയിട്ടത്. ഒളിച്ചോടിയാൽ നാണക്കേടാകുമെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആറുമാസം നീണ്ട ആസൂത്രണമാണ് പ്രതികൾ നടത്തിയത്. ഗൂഢാലോചന നടത്താൻ ഇക്കൊല്ലം പ്രതികളായ സിയയും ചേതനും രണ്ടായിരത്തിനാല് തവണ ഫോൺവിളിച്ചു. പരസ്പരം നടത്തിയത് 2004 ഫോൺകോളുകൾ ആണെന്ന് പ്രതികൾ വെളിപ്പെടുത്തി. പൊലീസിൻ്റെ ചോദൃം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വ്യവസായിയായ കേതൻ അഗർവാളുമായി സിയയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഒപ്പം ജോലി ചെയ്തിരുന്ന ചേതൻ ചൌധരിയുമായി പ്രണയത്തിലായിരുന്ന സിയക്ക് ഈ വിവാഹത്തിന് താല്പര്യമില്ലായിരുന്നു. ആദ്യം ഒളിച്ചോടാൻ ഇരുവരും തീരുമാനിച്ചെങ്കിലും വിവാഹം മുടങ്ങുന്നത് കുടുംബത്തിന് വലിയ അപമാനമുണ്ടാക്കുമെന്ന ഭയത്താൽ സിയ ഇതിന് വിസമ്മതിക്കുകയായിരുന്നു. പിന്നാലെ കേതനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു. കൊലപാതകം നടത്തുന്നതിനായി വ്യത്യസ്ത രീതികളെക്കുറിച്ച് ഇൻ്റർനെറ്റിൽ ഇരുവരും തിരഞ്ഞിരുന്നതായും പൊലീസ് പറയുന്നു. പ്രീ വെഡ്ഡിംഗ് ഷൂട്ടിനായി ബാലിയിലേക്ക് പോകാനായി എയർപോർട്ടിലെത്തിയ കേതനും സിയയും പക്ഷേ കേതൻ്റെ പാസ്പോർട്ട് കാണാതെ പോയതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. കേതൻ ഇന്ത്യ വിട്ട് പോകുന്നത് തടയാനുള്ള സിയയുടെ പദ്ധതിയായിരുന്നു ഇതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

എല്ലാ സാധനങ്ങളും ഒരു ബാഗിൽ ആയിരുന്നു വെച്ചിട്ടുണ്ടായിരുന്നത്. എല്ലാവരുടെയും പാസ്പോർട്ടുകൾ ഒരുമിച്ച് ആയിരുന്നു വെച്ചിട്ടുണ്ടായിരുന്നത്. അതിൽ നിന്ന് ഒരെണ്ണം മാത്രം എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കേതന്റെ അച്ഛൻ വിശാൽ അഗർവാൾ ചോദിക്കുന്നു. ഈ ആസൂത്രണങ്ങളുടെ ഭാഗമായിട്ടാണ് ജൂൺ 18ന് കേതനെ ട്രക്കിങ്ങിനെന്നു പറഞ്ഞ് സിയ ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടു പോയത്. കോട്ടയിലേക്ക് പോകുന്നതിന് മുൻപ് ഇരുവരും ഒരുമിച്ച് ഒരു കഫേയിലിരുന്ന് ഗൂഡാലോചന നടത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അവിടെ വെച്ച് കൊക്കയിലേക്ക് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തി. ട്രെക്കിംഗിനിടെ കേതൻ കാൽ തെറ്റി വീണതാണെന്നാണ് സിയ ആദ്യം വീട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാൽ, മൊഴിയിൽ സംശയം തോന്നിയ പൊലീസ് കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ദൃശ്യങ്ങളാണ് വഴിത്തിരിവായത്.

കടുത്ത ചൂടുള്ള ദിവസമായിട്ടും മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡിയും ഹെഡ്‌സെറ്റും ധരിച്ച് ഒരാൾ ഇവരെ പിന്തുടരുന്നതായി പൊലീസ് കണ്ടെത്തി. യാത്രയ്ക്കിടയിൽ സിയ തിരിഞ്ഞുനോക്കുമ്പോൾ ഈ ഹൂഡി ധാരി ഒളിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൂടി ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ഇരുവരെയും ജൂൺ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

YouTube video player