മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് ചടങ്ങ്. നേരത്തെ ഡിസംബർ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്. 

ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും നാളെ സത്യപ്രതിഞ്ജ ചെയ്‌ത് അധികാരമേൽക്കും. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. എംഎൽഎമാരുടെ സത്യപ്രതിഞ്ജ മാത്രമാണ് ഇന്ന് നടക്കുക. 

സംസ്ഥാനത്ത് 288 എംഎൽഎമാരുള്ളതിനാൽ ചടങ്ങുകൾ വൈകീട്ട് വരെ നീളും. ബിജെപി എംഎൽഎ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കർ. ഇദ്ദേഹത്തെ ഗവ‍ർണറാണ് നിയമിച്ചത്. പുതിയ നിയമസഭ നിലവിൽ വന്നശേഷം സ്പീക്കറെ തെരഞ്ഞെടുക്കും.

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുക എന്നത് തന്‍റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ പറഞ്ഞത്. സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും താന്‍ നന്ദി പറയുകയാണെന്നും പരസ്പര വിശ്വാസം നിലനിര്‍ത്തി രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നുമെന്നും താക്കറെ പറഞ്ഞു.