മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ പിറന്നുവീണ് ഇന്ന് 150 വർഷങ്ങൾ തികയുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മറ്റേത് കാലത്തേക്കാളും മഹാത്മാഗാന്ധിയെ ഓർക്കേണ്ട കാലമാണിത്. സ്വാതന്ത്ര്യത്തിലേക്ക് ഒരു ജനതയെ, തുള്ളിച്ചോര വീഴ്‍ത്താതെ, അഹിംസയെന്ന മഹാ ആശയം ഉയർത്തിപ്പിടിച്ച് നടത്താമെന്ന് വിഭാവനം ചെയ്തു മഹാത്മാഗാന്ധി. ആ വഴി നടത്തുകയും ചെയ്തു. 

ആ കാലത്ത് എളുപ്പമായിരുന്നില്ല അത്. ഇന്നത്തെപ്പോലെത്തന്നെ അന്നും, അന്തിമമായി 'നല്ല കാലത്തിലേക്ക് പുലരാ'മെങ്കിൽ രക്തച്ചൊരിച്ചിലിന് ന്യായീകരണമുണ്ട്. രണ്ട് ലോക മഹായുദ്ധങ്ങൾക്കിടയിൽ 'അഹിംസ'യെന്നുരുവിട്ടു ഗാന്ധി. അതേ ആശയത്തിലൂന്നി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ മെനഞ്ഞ്, ഉരുവപ്പെടുത്തിയെടുക്കുകയും ചെയ്തു. 

ഇന്നും ഇന്ത്യയെന്ന മഹാരാജ്യം ലോകത്തിന് മുന്നിലൊരു പാഠപുസ്തകമാണെങ്കിൽ അതിന് അടിത്തറയിട്ടവരിൽ മുന്നിൽ നിൽക്കുന്നയാൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ആ പഴയ ബാരിസ്റ്ററാണ്. കുട്ടികളെപ്പോൽ നിഷ്കളങ്കം ചിരിച്ചയാൾ. തീവ്രപരീക്ഷണങ്ങളിലൂടെ സ്വജീവിതത്തെ നടത്തിച്ചയാൾ. വിമർശനങ്ങളുടെ കണ്ണാൽ നോക്കാം ഗാന്ധിയെ. ആ വായനയ്ക്കും ഇട തരുംവിധം വിശാലമാണ് ഗാന്ധിയൻ ദർശനം.

മഹാത്മാവിന്‍റെ 150-ാം ജന്മദിനത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യ ഒട്ടൊന്നും മുന്നോട്ടു നടന്നിട്ടില്ല. പല ആദർശങ്ങളിൽ നിന്നും പിന്തിരിഞ്ഞു നടന്നിട്ടുമുണ്ട്. സാമ്പത്തികവളർച്ചയോ, അധികാരത്തിന്‍റെ ഊക്കോ മാത്രമായിരുന്നില്ല ഗാന്ധിയുടെ ദർശനം എന്നോർക്കുമ്പോൾ പ്രത്യേകിച്ച്. ധർമ്മത്തിലൂന്നി നിന്നാണ് ഗാന്ധിയും കൂട്ടരും നടന്നത്. അതുകൊണ്ടാണ് പലപ്പോഴും അധിനിവേശം നടത്തിയ ബ്രിട്ടീഷുകാർക്ക് ഗാന്ധിയുടെ മുന്നിൽ വാക്കുകളില്ലാതായിപ്പോയത്. 

ഭിന്നിപ്പിന്‍റെ ലോകത്തിൽ നിന്നാണ് ഗാന്ധിയെക്കുറിച്ച് നമ്മളോർക്കേണ്ടത്. ദാരിദ്ര്യമോ, ക്ഷാമമോ, വിദ്യാഭ്യാസമോ ആരോഗ്യപരിചരണമോ കിട്ടാത്ത ലക്ഷങ്ങൾക്കിടയിൽ നിന്നും നേട്ടത്തിന്‍റെ മിന്നും കഥകൾ പറയുന്ന ലോകത്തിൽ നിന്ന്. വെറുമോർമയായി മാത്രം ഗാന്ധി മാറിയതിന്‍റെ അപചയമുണ്ട് ഈ നാട്ടിൽ. വായിക്കപ്പെടാത്ത, ഓർക്കപ്പെടുക മാത്രം ചെയ്യുന്ന ഗാന്ധി. 

150-ാം ജന്മവാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഏറ്റവും ആദരപൂർവം മഹാത്മാവിനെ ഓർക്കുന്നു. രാജ്യത്തിന് എന്നും വഴിവിളക്കായി നിൽക്കുന്നതിന് നന്ദി പറയുന്നു. ഗാന്ധിയൻ ദർശനത്തെക്കുറിച്ചുള്ള നീണ്ട, ആഴത്തിലുള്ള വിചാരത്തിനായി ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് രണ്ട് മണിക്കൂർ നീക്കി വയ്ക്കുന്നു. 

രാവിലെ പത്ത് മണിയ്ക്ക് ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ നയിക്കുന്ന പ്രത്യേക പരിപാടിയിൽ അതിഥികളായി ഡോ. ശശി തരൂർ എംപി, കവി സച്ചിദാനന്ദൻ, ചരിത്രകാരൻ എം ജി രാധാകൃഷ്ണൻ, സാമൂഹ്യനിരീക്ഷകൻ സണ്ണി എം കപിക്കാട്, ഡോ. മോഹൻ ഗോപാൽ, അധ്യാപകനും എഴുത്തുകാരനുമായ എം എൻ കാരശ്ശേരി, സാഹിത്യകാരി സാറാ ജോസഫ്, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എസ് ഗോപാലകൃഷ്ണൻ എന്നിവരടക്കം നിരവധിപ്പേരെത്തും.

ഗാന്ധി ലോകത്തെ കണ്ടതിനെക്കുറിച്ചും, ലോകം ഗാന്ധിയെ വായിച്ചതിനെക്കുറിച്ചും, ഇന്നത്തെ ലോകം ഗാന്ധിയൻ ആശയങ്ങളിൽ നിന്ന് വഴിമാറിപ്പോയതിനെക്കുറിച്ചും തുടങ്ങുന്ന സംസാരം പിന്നീട്, ഗാന്ധിയൻ വികസന കാഴ്ചപ്പാടിലേക്കും, പരിസ്ഥിതിദർശനത്തിലേക്കും നീളും. വിമർശനങ്ങൾക്കിട നൽകുന്നത് തന്നെയാകും ഈ സംസാരം. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ഗാന്ധിയുടെ വിചാരങ്ങളും അത് വിമർശനവിധേയമായതും, സ്ത്രീകളെക്കുറിച്ചും ബ്രഹ്മചര്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഗാന്ധിയ്ക്കുണ്ടായിരുന്ന കടുംപിടിത്തങ്ങളും ചർച്ചയിലുണ്ടാകും. 

രാജ്യത്ത് വിപുലമായ ആഘോഷപരിപാടികൾ

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ എഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. കേന്ദ്രമന്ത്രിമാർ അടക്കം നിരവധി പ്രമുഖർ ഇന്ന് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തും. പാർലമെന്റിലും ഗാന്ധിജിയെ സ്മരിച്ച് കൊണ്ടുള്ള ചടങ്ങുകൾ നടക്കും.രാവിലെ 9.30 ന് കോൺഗ്രസ് ദില്ലിയിൽ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യമെമ്പാടും, സബർമതിയിലും വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബർമതി ആശ്രമം സന്ദർശിക്കും.

രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. സ്പീക്കർ ഓം ബിർളയും രാവിലെ പുഷ്പാർച്ചന നടത്താനെത്തി.