ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് 60 ലക്ഷം റാന്‍ഡ്(3.22കോടി രൂപ) തട്ടിപ്പ് നടത്തിയ കേസില്‍ ഇവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എസ് ആര്‍ മഹാരാജ് എന്ന വ്യവസായിയാണ് പരാതിക്കാരന്‍. 

ദില്ലി: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി (പേരക്കുട്ടിയുടെ മകള്‍) ആഷിഷ് ലതാ റാംഗോബിന്‍(56) തട്ടിപ്പ് കേസില്‍ ജയിലില്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് 60 ലക്ഷം റാന്‍ഡ്(3.22കോടി രൂപ) തട്ടിപ്പ് നടത്തിയ കേസില്‍ ഇവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എസ് ആര്‍ മഹാരാജ് എന്ന വ്യവസായിയാണ് പരാതിക്കാരന്‍. ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് പരാതി. വാര്‍ത്താഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇളാ ഗാന്ധിയുടെയും മേവാ റാംഗോബിന്ദിന്റെയും മകളാണ് ആഷിഷ് ലത റാംഗോബിന്‍. 50000 റാന്‍ഡ് കോടതിയില്‍ കെട്ടിവെച്ച് ലത റാംഗോബിന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.

മൂന്ന് ലിനന്‍ കണ്ടെയിന്‍മെന്റുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നുണ്ടെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിന് ഇവര്‍ വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നല്‍കിയെന്നും പ്രൊസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. 

2015ലാണ് ലത റാംഗോബിന്‍ എസ്ആര്‍ മഹാരാജിനെ പരിചയപ്പെടുന്നത്. വസ്ത്രം, ചെരുപ്പ്. ലിനന്‍ വ്യാപാരം നടത്തുന്ന ന്യൂ ആഫ്രിക്ക അലയന്‍സിന്റെ ഡയറക്ടറാണ് മഹാരാജ്. ഇന്ത്യയില്‍ നിന്ന് ചരക്കുകള്‍ താനും ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവരാറുണ്ടെന്നും ഇറക്കുമതി കസ്റ്റംസ് നികുതി നല്‍കാനും ഇറക്കുമതി ചെലവിനുമായി പണം ആവശ്യമുണ്ടെന്നും മഹാരാജിനോട് ആവശ്യപ്പെടുകയായിരുന്നു. 62 ലക്ഷം സാന്‍ഡാണ് ആവശ്യപ്പെട്ടത്. മഹാരാജിനെ വിശ്വസിപ്പിക്കുന്നതിനായി ചരക്കുകളുടെ ഇന്‍വോയിസും മറ്റും കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പണം നല്‍കി. എന്നാല്‍ പരിശോധനയില്‍ ലത രാംഗോബിന്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. 

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ വയലന്‍സ് എന്ന എന്‍ജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ലത റാംഗോബിന്‍. പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ ആക്ടിവിസ്റ്റ് എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്താറ്. മഹാത്മാ ഗാന്ധിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകളാണ് ഇള ഗാന്ധി. ഇളയുടെ മകളാണ് ആഷിഷ് ലതാ റാംഗോബിന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona