Asianet News MalayalamAsianet News Malayalam

ഗാന്ധി സ്മൃതിയില്‍നിന്ന് ബാപ്പു വെടിയേറ്റുവീണ ചിത്രം നീക്കി; പ്രധാനമന്ത്രിക്കെതിരെ തുഷാര്‍ ഗാന്ധി

ഇന്ത്യ മാറിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ ചരിത്രത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തുഷാര്‍ ഗാന്ധി

Mahatma Gandhi's photos removed from a display at Gandhi Smriti
Author
Delhi, First Published Jan 18, 2020, 10:05 AM IST

ദില്ലി: ദില്ലിയിലെ 'ഗാന്ധി സ്മൃതി'യില്‍ ഇപ്പോള്‍ മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച് കിടക്കുന്ന ചിത്രങ്ങളില്ലെന്നും രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മകള്‍  നിറഞ്ഞ ഗാന്ധി സ്മൃതിയില്‍നിന്ന് സര്‍ക്കാര്‍ ആ ചിത്രം നീക്കിയെന്നും ആരോപിച്ച് പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി രംഗത്ത്.

ഞെട്ടിച്ചുവെന്നാണ് തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ''ബാപ്പുവിന്‍റെ ഘാതകര്‍ ചരിത്രപ്രമാണങ്ങളെപ്പോലും ഇല്ലാതാക്കുന്നു. ഹേ റാം'' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'പ്രധാന്‍ സേവകി'ന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഗാന്ധി സ്മൃതി എന്നറിയപ്പെടുന്ന ബിര്‍ള ഹൗസിലെ ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. 

രാജ്യത്തിന്‍റെ 'പ്രധാന്‍ സേവക്' എന്നാണ് നരേന്ദ്രമോദി തന്നെ സ്വയം വിശേഷിപ്പിച്ചത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം. ഗാന്ധി സ്മൃതിയുടെയും ദര്‍ശന്‍ സമിതിയുടെയും ചെയര്‍പേഴ്സണ്‍ പ്രധാനമന്ത്രിയാണ്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണകേന്ദ്രമാണ് ഇത്. 

ഇന്ത്യ മാറിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ ചരിത്രത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ തുഷാര്‍ ഗാന്ധി കുറിച്ചു. വിമര്‍ശനത്തെ താന്‍ ഭയക്കുന്നില്ലെന്നും എന്നാല്‍ നുണപ്രചാരണം ദൗര്‍ഭാഗ്യകരമാണെന്നും തുഷാര്‍ ഗാന്ധിയുടെ ട്വീറ്റിനോട് സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പ്രതികരിച്ചു. ചിത്രം നിറംമങ്ങിയതിനാലാണ് മാറ്റിയതെന്നും  ഇത് ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗാന്ധി അവസാനമായി ചെലവഴിച്ചതും വെടിയേറ്റുവീണതും ദില്ലി തീസ് ജനുവരി മാര്‍ഗില ബിര്‍ളഹൗസിലാണ്. അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന് ശേഷം ഇവിടം മ്യൂസിയമാക്കുകയായിരുന്നു. 

അതേസമയം മഹാത്മഗാന്ധിക്ക് ഭാരതരത്നം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാണെന്നും മറ്റെല്ലാ അംഗീകാരത്തേക്കാളും വലുതാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. 

Follow Us:
Download App:
  • android
  • ios