സുരക്ഷക്കായി വന്നവര്‍ തന്റെ വീട്ടിലെ ഓരോ ചലനവും രേഖപ്പെടുത്തുകയാണെന്നും അവരുടെ പെരുമാറ്റം തന്നെ നിരീക്ഷിക്കുന്നത് പോലെ തോന്നുകയാണെന്നും മഹുവ ആരോപിച്ചു. 

ദില്ലി: ദില്ലിയിലെ തന്റെ വസതിയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര ദില്ലി പൊലീസ് മേധാവിക്ക് കത്തെഴുതി. താന്‍ എന്തെങ്കിലും നിരീക്ഷണത്തിന്റെ ഭാഗമാണോ എന്ന് ചോദിച്ച മഹുവ, സുരക്ഷ പിന്‍വലിക്കണമെന്ന് ദില്ലി പൊലീസ് മേധാവി എസ് എന്‍ ശ്രീവാസ്തവയോട് ആവശ്യപ്പെട്ടു. മഹുവയുടെ വീട്ടില്‍ മൂന്ന് സായുധ പൊലീസിനെയാണ് സുരക്ഷയുടെ ഭാഗമായി ദില്ലി പൊലീസ് നിയമിച്ചത്.

ബരാഖംബ റോഡ് സ്‌റ്റേഷന്‍ എസ്എച്ച്ഒ തന്നെ വന്ന് കണ്ട് മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരെ വീടിന് മുന്നില്‍ സുരക്ഷക്കായി നിര്‍ത്തുകയാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് മഹുവ കത്തില്‍ വ്യക്തമാക്കി. സുരക്ഷക്കായി വന്നവര്‍ തന്റെ വീട്ടിലെ ഓരോ ചലനവും രേഖപ്പെടുത്തുകയാണെന്നും അവരുടെ പെരുമാറ്റം തന്നെ നിരീക്ഷിക്കുന്നത് പോലെ തോന്നുകയാണെന്നും മഹുവ ആരോപിച്ചു.

Scroll to load tweet…

സ്വകാര്യത ഭരണഘടന അനുവദിച്ചുതരുന്ന മൗലികാവകാശമാണെന്നും മഹുവ ഓര്‍മ്മിപ്പിച്ചു. താന്‍ രാജ്യത്തെ സാധാരണ പൗരയാണ്. പ്രത്യേക സുരക്ഷയൊന്നും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ സുരക്ഷാ ജീവനക്കാരെ പിന്‍വലിക്കണമെന്ന് അപേക്ഷിക്കുന്നു-മഹുവ കത്തില്‍ വ്യക്തമാക്കി.