കുട്ടിയായിരിക്കുമ്പോൾ മുതൽ മൈഥിലി ഗാനാലാപനത്തിലും സഹോദരന്മാർ വാദ്യങ്ങളിലും പ്രാവീണ്യം നേടി. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു പാട്ടുകൾ. ധാരാളം ഭജനുകൾ പാടിയതിനാൽ ഹിന്ദി ബെൽറ്റിലെ വിവിധ സംസ്ഥാനങ്ങളിൽ അവർക്ക് വലിയ രീതിയിൽ ഫോളോവേഴ്സും ഉണ്ടായി.

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെൻസീ എംഎൽഎയായിരിക്കുകയാണ് 25കാരി മൈഥിലി താക്കൂർ. അലിന​ഗറിൽ ആർജെഡി നേതാവും 63 വയസ്സുള്ള ബിനോദ് മിശ്രയെ 11,000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മൈതിലി ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാകുന്നത്. ബ്രാഹ്മണർ, യാദവർ, മുസ്ലീങ്ങൾ എന്നിവരാണ് മണ്ഡലത്തിൽ ആധിപത്യം പുലർത്തുന്നത്. വോട്ടെണ്ണൽ ആരംഭിച്ചതിനുശേഷം മൈഥിലി മുന്നിലായിരുന്നു, ഒരിക്കൽ പോലും പിന്നിൽ പോയില്ല. മണ്ഡലത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ, അയൽപക്കത്തുള്ള മധുബനി ജില്ലയിലെ ബെനിപ്പട്ടിയാണ് മൈതിലിയുടെ സ്വദേശം. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും ഭക്തിഗാനത്തിലും പരിശീലനം നേടി. സോഷ്യൽമീഡിയയിൽ പാട്ടുപാടിയാണ് മൈതിലി താരമാകുന്നത്. മൈതിലിയും സഹോദരങ്ങളും ചേർന്നുള്ള കച്ചേരികൾ രാജ്യവ്യാപക പ്രശംസ നേടി. നിരവധി പ്രമുഖരടക്കം ഇവരുടെ ഫോളോവേഴ്സായി.

കുട്ടിയായിരിക്കുമ്പോൾ മുതൽ മൈഥിലി ഗാനാലാപനത്തിലും സഹോദരന്മാർ വാദ്യങ്ങളിലും പ്രാവീണ്യം നേടി. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു പാട്ടുകൾ. ധാരാളം ഭജനുകൾ പാടിയതിനാൽ ഹിന്ദി ബെൽറ്റിലെ വിവിധ സംസ്ഥാനങ്ങളിൽ അവർക്ക് വലിയ രീതിയിൽ ഫോളോവേഴ്സും ഉണ്ടായി. കൊവിഡ് കാലത്ത് മൈഥിലിയുടെ അച്ഛൻ മരിച്ചു.

അങ്ങനെ ബിഹാറിൽ മൈതിലിക്കുണ്ടായ ജനപ്രീതി വോട്ടാക്കി മാറ്റാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. 2008 ന് ശേഷം ആദ്യമായാണ് ബിജെപി ഈ മണ്ഡലത്തിൽ ജയിക്കുന്നത്. അലിന​ഗർ മണ്ഡലത്തിന്റെ പേരുമാറ്റി സീതാന​ഗർ എന്നാക്കുമായിരുന്നു മൈതിലിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിലൊന്ന്. അത് നടപ്പാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.