ജാർഖണ്ഡിൽ എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ 165 പേർ അറസ്റ്റിലായി. 10 ലക്ഷം രൂപ വരെ വാങ്ങി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഭവത്തിൽ 159 ഉദ്യോഗാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു
റാഞ്ചി: ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വൻ അറസ്റ്റ്. ഇന്ന് നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. തമർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ പരീക്ഷയ്ക്ക് മുന്നോടിയായി ഉദ്യോഗാർഥികൾ ഒരിടത്ത് ഒത്തുകൂട്ടി ചോദ്യങ്ങൾ മനഃപാഠമാക്കാൻ സഹായിക്കുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലും പരിശോധനയിലും 165 പേർ അറസ്റ്റിലായി. 159 ഉദ്യോഗാർത്ഥികളടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാന പരീക്ഷാ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ നാല് സെറ്റ് ചോദ്യപേപ്പർ രൂപരേഖകളും അവയുടെ ഉത്തരങ്ങളും കണ്ടെടുത്തു. കണ്ടെടുത്ത ചോദ്യങ്ങളിൽ ചിലത് യഥാർത്ഥ പരീക്ഷാ പേപ്പറുമായി സാമ്യമുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ചോദ്യപേപ്പർ നൽകാമെന്ന വാഗ്ദാനത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ വരെയാണ് തട്ടിപ്പ് സംഘം ഈടാക്കിയതെന്നാണ് കണ്ടെത്തൽ. ലക്ഷക്കണക്കിന് രൂപ കൈമാറിയ പല ഉദ്യോഗാർത്ഥികളെയും വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികളാണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

