നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ എൻടിഎയിൽ കടുത്ത നടപടി സ്വീകരിച്ചു. 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചിലർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയും ചെയ്തു.

ദില്ലി: എൻടിഎയിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കും. നീറ്റ് അടക്കമുള്ള ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. എൻടിഎ ഉടച്ച് വാർക്കാനുള്ള കൂടുതൽ നടപടികൾ വരും ദിവസങ്ങളിലെന്നും റിപ്പോർട്ട്. രാത്രി 8 മണിക്കായിരുന്നു നടപടി വിവരം പുറത്തുവിട്ടത്. അതേസമയം, നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് ദില്ലി ട്രാഫിക്ക് പൊലീസ് രം​ഗത്തെത്തി. ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവ്വീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളോട് ഈ മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി. മേഖലയിലേക്കുള്ള സർവീസുകൾ ഒഴിവാക്കാൻ ആപ്പുകൾക്കും നിർദേശം നൽകി.

സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ എൻടിഐയിൽ അഴിച്ചുപണിയെന്ന വാർത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയിൽ സർക്കാർ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ. രാജി ഒഴികെയുള്ള ആവശ്യങ്ങൾ തല്ക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചു. രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അ‌ഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചു.