Asianet News MalayalamAsianet News Malayalam

The third wave may be harder : മൂന്നാം തരംഗത്തിൽ ഭൂരിപക്ഷം പേർക്കും കൊവിഡ് ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ഒമിക്രോൺ പടരുന്നത് വഴിയുള്ള പുതിയ തരംഗത്തിൽ മിക്കവാറും പേർക്ക് കൊവിഡ് ബാധിക്കുമെന്നാണ് ഐ സി എം ആറിലെ പകർച്ച വ്യാധി വിഭാഗം വിദഗ്ധനായ ഡോ. ജയ്പ്രകാശ് അഭിപ്രായപ്പെട്ടത്. 

Majority of people are likely to be affected by Covid in the third wave
Author
Delhi, First Published Jan 12, 2022, 3:40 PM IST

ദില്ലി:  മൂന്നാം തരംഗത്തിൽ രാജ്യത്തെ ഭൂരിപക്ഷം പേർക്കും കൊവിഡ് (Covid) ബാധിക്കുമെന്ന് ഐസിഎംആറിലെ (ICMR) വിദഗ്ധൻ. ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ.ജയ്പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിൽ 16 ശതമാനം വർധനയുണ്ടായി. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

ഒമിക്രോൺ (omicron) പടരുന്നത് വഴിയുള്ള പുതിയ തരംഗത്തിൽ മിക്കവാറും പേർക്ക് കൊവിഡ് ബാധിക്കുമെന്നാണ് ഐ സി എം ആറിലെ പകർച്ച വ്യാധി വിഭാഗം വിദഗ്ധനായ ഡോ. ജയ്പ്രകാശ് അഭിപ്രായപ്പെട്ടത്. എന്നാൽ രോഗം ബാധിച്ച വിവരം പലരും അറിയുക പോലുമില്ല. 80 ശതമാനം പേരിലും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാതെ കൊവിഡ് കടന്നു പോകുമെന്നും ഡോ ജയ്പ്രകാശ് പറഞ്ഞു. 

രാജ്യത്ത് 1,94,720  പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാൾ ഇരുപത്തി ആറായിരം പേർക്ക് കൂടി അധികമായി രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടന്നു. 120 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലെത്തി. പശ്ചിമ ബംഗാളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനമാണ്. ദില്ലിയിൽ മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് കൂടി. അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു. 

മൂന്ന് ദിവസം മുൻപ് നാൽപത്തി നാലായിരം കടന്ന പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞ് ഇന്നലെ മുപ്പത്തിനാലായിരത്തിലേക്ക് എത്തി. കൊവിഡ് കണക്ക് ഉയരുന്ന സാഹചര്യത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഏറ്റവും കുറഞ്ഞത് 48 മണിക്കൂറിലേക്ക് വേണ്ട ഓക്സിജൻ എങ്കിലും കരുതണമെന്നാണ് നിർദേശം. സംസ്ഥാനതലത്തിൽ ഓക്സിജൻ കൺട്രോൾ റൂമുകൾ സജ്ജീകരിക്കാനും നിർദേശമുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്വഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇരുവരും.

Follow Us:
Download App:
  • android
  • ios