11:13 PM (IST) Jun 24

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ അപലപിച്ച് എസ്എഫ്ഐ

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി . വയനാട് എസ് എഫ് ഐ യുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.എസ്എഫ്ഐയുടെ യുടെ ഓഫീസുകൾക്ക് മുൻപിലുള്ള കോൺഗ്രസ് പ്രതിഷേധവും അപലപനീയമാണെന്നും വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള ജനാധിപത്യപരമായ ബന്ധത്തെ അത് ബാധിക്കുമെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പറഞ്ഞു.

10:27 PM (IST) Jun 24

എംപി ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം. READ MORE 

09:39 PM (IST) Jun 24

വയനാട്ടിൽ നാളെ യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. 

08:47 PM (IST) Jun 24

രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് താരിഖ് അൻവർ

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമം അപലപനീയം. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് താരിഖ് അൻവർ. സംസ്ഥാന
സർക്കാർ കുറ്റക്കാർക്കെതിരെ എന്ത് നടപടി എടുക്കുമെന്നാണ് അറിയേണ്ടതെന്നും താരിഖ് അൻവർ. 

08:46 PM (IST) Jun 24

പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം, പൊലീസുകാരന് പരിക്ക്

പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രതിഷേധങ്ങൾക്കിടെ സംഘർഷം. ഒരു പൊലീസുകാരന് പരിക്ക്. പെരുമ്പാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരുണിനാണ് തലയ്ക്ക് പരിക്കേറ്റത്. 

08:40 PM (IST) Jun 24

ഓഫീസ് ആക്രമണം, പരിക്കേറ്റ ഓഫീസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു

എസ് എഫ് ഐ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓഫീസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പോലീസ് അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി. 

08:36 PM (IST) Jun 24

ഒരു സംഘടന പ്രവർത്തിക്കേണ്ടതിങ്ങനല്ല, കുറ്റക്കാർക്കെതിരെ നടപടി വേണം; തള്ളിപ്പറഞ്ഞ് യെച്ചൂരി

വയനാട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞു. 

07:46 PM (IST) Jun 24

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം പരിശോധിക്കാൻ സിപിഎം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാൻ സിപിഎം. ഉപതെരഞ്ഞെടുപ്പിൽ നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാ‍ര്‍ട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യം സംസ്ഥാന സമിതിയിൽ ച‍ര്‍ച്ച ചെയ്ത് തീരുമാനിക്കും. 

07:43 PM (IST) Jun 24

ഷാഫി പറമ്പിലടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

 വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പാലക്കാട്‌ നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. 

07:42 PM (IST) Jun 24

എസ്എഫ്ഐ അക്രമം നീതികരിക്കാനാവില്ല; ശ്രേയാംസ് കുമാർ

വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിയുടെ ഓഫീസിനുനേരേ നടന്ന എസ്എഫ്ഐ ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

06:15 PM (IST) Jun 24

'തെറ്റായ പ്രവണത, ശക്തമായ നടപടി സ്വീകരിക്കും': രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ മുഖ്യമന്ത്രി

വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

06:15 PM (IST) Jun 24

സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു: 4098 പേർക്ക് രോഗം

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ ഒൻപത് പേർ കൊവിഡ് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയിൽ 1034 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

06:14 PM (IST) Jun 24

എസ്എഫ്ഐ അക്രമത്തെ തള്ളി സിപിഎം

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ തള്ളി സിപിഎം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ.പി.ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു. 

05:53 PM (IST) Jun 24

ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം വെളിവായി; കേരളത്തിൽ സമ്പൂർണ്ണ അരാജകത്വം എന്ന് യൂത്ത് കോൺഗ്രസ്

രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്. കേരളത്തിൽ സമ്പൂർണ്ണ അരാജകത്വമാണെന്ന് സംഘടന ആരോപിച്ചു. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം ഇതോടെ വെളിവായി. കേരള സർക്കാർ എന്തുകൊണ്ട് ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്നു. ഗുണ്ടകളെ ജയിലിൽ അടയ്ക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. 

04:35 PM (IST) Jun 24

അലക്സ് വർഗീസിന് ഐഎഎസ്

മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായ അലക്സ് വർഗീസിന് ഐഎഎസ് പദവി നൽകാൻ തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റ് രജിസ്ട്രാറായി ചുമതലയേൽക്കും. മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായി തുടരുകയും ചെയ്യും.

04:33 PM (IST) Jun 24

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം

പുതിയ നിയമനങ്ങൾ ഇങ്ങനെ

  • വി വേണു - ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി
  • ടിങ്കു ബിസ്വാൾ - ആരോഗ്യ വകുപ്പ് സെക്രട്ടറി.
  • രാജൻ ഖോബ്രഗഡെ - ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.
  • ശർമിള മേരി ജോസഫ് - തദ്ദേശ വകുപ്പിന്റെ പൂർണ്ണ ചുമതല
  • ഡോ എ ജയതിലക് - എസ്സി എസ്ടി വകുപ്പ്, സാംസ്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി
  • എൻ പ്രശാന്ത് - എസ്‌സി - എസ്‍‌ടി സ്പെഷൽ സെക്രട്ടറി
  • ഇഷിത റോയ് - ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
  • ഡോ രാജൻ ഖോബ്രഗഡെ - കാർഷിക വകുപ്പിന്റെയും കെഎസ്ഐഎൻസിയുടെയും ചുമതല
  • ടിങ്കു ബിസ്വാൾ - ആയുഷ്, തുറമുഖ വകുപ്പിന്റെയും ചുമതലയുണ്ട്.
  • അലി അസ്ഗർ പാഷ - ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി
04:03 PM (IST) Jun 24

വിമതരോട് കരുണയില്ല! നയം വ്യക്തമാക്കി ഉദ്ധവ് താക്കറേ

രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് മഹാ വികാസ് അഘാഡി ഭരണത്തെ വെല്ലുവിളിച്ച വിമത എംഎല്‍എമാരോട് കരുണ കാട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. വിമതർ പാർട്ടിയെ പിളർക്കാൻ ശ്രമിക്കുന്നവരാണെന്നും ശിവസേനാ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറേ വ്യക്തമാക്കി. 

04:03 PM (IST) Jun 24

പത്തനംതിട്ടയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ കയ്യേറ്റ ശ്രമം; സിപിഎം അംഗങ്ങളെന്ന് ആരോപണം

പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സി പി എം പഞ്ചായത്ത് അംഗങ്ങളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ്  സൗമ്യ വിജയൻ പറയുന്നത്. 

04:00 PM (IST) Jun 24

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; സ്വമേധയാ കേസെടുത്ത് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തില്‍ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ്പിക്ക് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നല്‍കി.

04:00 PM (IST) Jun 24

മണല്‍ കൊള്ള; ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയർ അന്വേഷിക്കും

പ്രളയ മറവിലെ മണല്‍ കൊള്ള എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരമ്പരയിൽ സർക്കാർ ഇടപെടൽ. മഹാപ്രളയത്തിന് മറവിലെ മണല്‍ കൊള്ളയെകുറിച്ച് അന്വേഷിക്കാന്‍ ഇറിഗേഷൻ സൂപ്രണ്ടിംഗ് ഏഞ്ചിനീയറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. Read More