മഹാപ്രളയത്തിന് മറവിലെ മണല്‍ കൊള്ളയെകുറിച്ച് അന്വേഷിക്കാന്‍ ഇറിഗേഷൻ സൂപ്രണ്ടിംഗ് ഏഞ്ചിനീയറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് നാളെ റിപ്പോർട്ട് നൽകാനാണ് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം: പ്രളയ മറവിലെ മണല്‍ കൊള്ള എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരമ്പരയിൽ സർക്കാർ ഇടപെടൽ. മഹാപ്രളയത്തിന് മറവിലെ മണല്‍ കൊള്ളയെകുറിച്ച് അന്വേഷിക്കാന്‍ ഇറിഗേഷൻ സൂപ്രണ്ടിംഗ് ഏഞ്ചിനീയറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് നാളെ റിപ്പോർട്ട് നൽകാനാണ് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്ഥലം സന്ദർശിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ച മന്ത്രി, ക്രമക്കേട് ബോധ്യപ്പെട്ടാല്‍ തിങ്കളാഴ്ച തന്നെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു. കരാര്‍ ലംഘനങ്ങള്‍ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വരട്ടാര്‍ ,ആദി പന്പ നദികളിലെ മണല്‍ കൊള്ളയെകുറിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പരന്പര.

ജലസേചന വകുപ്പിന്‍റെ തന്നെ എതിര്‍പ്പ് മറികടന്നാണ് വരട്ടാറിലും ആദി പന്പയിലും ചെളിനീക്കാന്‍ കരാര്‍ നല്‍കിയത്. പുഴകളില്‍ യന്ത്രവല്ക്കൃത ഡ്രഡ്ജിംഗ് നടത്തിയാല്‍ ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു 2012- ൽ ജലസേചന വകുപ്പിന്‍റെ സര്‍വേ റിപ്പോര്‍ട്ടെന്ന് അന്ന് പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ഡോ. പി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന്, വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമേ ഖനനത്തിന് അനുമതി കൊടുക്കാവൂ എന്ന് താന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

Also Read: വരട്ടാറിലേയും ആദി പമ്പയിലേയും ചെളി നീക്കൽ ജലസേചന വകുപ്പിൻറെ എതിർപ്പ് മറികടന്ന്; പഠനം നടത്തണമെന്നതും തളളി

മഹാപ്രളയത്തിന്റെ പേരില്‍ മണൽക്കൊള്ള: കടത്തിയത് കോടിക്കണക്കിന് രൂപയുടെ മണൽ

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴകളാണ് വരട്ടാറും ആദിപമ്പയും. 2018 ലെ മഹാപ്രളയത്തിൽ ഇരുപുഴകളിലൂം എക്കലും ചെളിയും അടിഞ്ഞു കൂടി. ചെളി നീക്കി നദികളെ പഴയ സ്ഥിതിയിലാക്കാൻ കഴിഞ്ഞ സെപ്തംബറിലാണ് ജലസേചന വകുപ്പ് കരാര്‍ നല്‍കിയത്. ആലപ്പുഴ സ്വദേശി പ്രവീണ്‍കുമാറാണ് കരാർ ഏറ്റെടുത്തത്. ജനുവരിയില്‍ ജോലിയും തുടങ്ങി. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. പുഴയില്‍ മോട്ടോര്‍ സ്ഥാപിച്ചാണ് വന്‍തോതില്‍ മണൽ ഊറ്റുന്നത്. രണ്ട് കടവുകളിൽ നിന്നായി നൂറ് കണക്കിന് ലോഡ് മണലാണ് ദിവസവും ലോറികളില്‍ കയറ്റിപ്പോകുന്നത്.

Also Read: മഹാപ്രളയത്തിന്റെ പേരിലും മണൽക്കൊള്ള: കോടിക്കണക്കിന് രൂപയുടെ മണൽ കടത്തി

YouTube video player