പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സി പി എം പഞ്ചായത്ത് അംഗങ്ങളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആരോപണം. 

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സി പി എം പഞ്ചായത്ത് അംഗങ്ങളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആരോപണം. സിപിഎമ്മിന്റെ വനിതാ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്.

കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കൊണ്ട് വന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് സ്വതന്ത്രയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയൻ. എന്നാല്‍, പ്രസിഡന്‍റ് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി പി എം നല്‍കുന്ന വിശദീകരണം. 

പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് സൗമ്യ വിജയൻ പറയുന്നത്. സ്ത്രീകളാണ് ശാരീരികമായി ആക്രമിച്ചത്. സി പി എം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി കുരുവിള , സാബു ബഹന്നാനും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. അക്രമികൾ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും സൗമ്യ പറയുന്നു. 

സി പി എമ്മിന് അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ വാശിയാണ്. യുഡിഎഫ് പിന്തുണയോടെ മുന്നോട്ട് ഭരണം കൊണ്ട് പോകും. കോയിപ്രം സ്റ്റേഷനിൽ പരാതി നൽകിയെന്നും സൗമ്യ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംഭവത്തില്‍ നാല് സ്ത്രീകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സിപിഎം പ്രവർത്തക ശോഭിക കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനം തല്ലി തകർത്തവർക്കെതിരെയും പൊലീസ് കേസെടുത്തു. 

YouTube video player