കൂട്ടുകാർ വിളിച്ചപ്പോൾ ആൾത്തിരക്കില്ലാത്ത റോഡിൽ പട്ടം പറത്താൻ പോയതായിരുന്നു. വഴിയരികിലെ തെങ്ങ് താഴ്ഭാഗം ഒടിഞ്ഞ് ദേഹത്തേക്ക് പതിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. 

മുംബൈ: തെങ്ങ് ചതിക്കില്ലെന്ന് പറയാറുണ്ട്. മുംബൈക്കാരെ (Mumbai) സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 18,000 തവണയാണ് തെങ്ങ് വീണുള്ള അപകടങ്ങൾ മുംബൈ കോ‍ർപ്പറേഷൻ റിപ്പോർട്ട് ചെയ്തത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് 13 വയസുകാരനായ അനിരുധിന്‍റേത്. കണ്ണൂർ കക്കാട് സ്വദേശി സുജിത്തിന്‍റെ മകനാണ്. അന്ധേരിക്കടുത്ത് സഹർ വില്ലേജിലായിരുന്നു താമസം. കൂട്ടുകാർ വിളിച്ചപ്പോൾ ആൾത്തിരക്കില്ലാത്ത റോഡിൽ പട്ടം പറത്താൻ പോയതായിരുന്നു. വഴിയരികിലെ തെങ്ങ് താഴ്ഭാഗം ഒടിഞ്ഞ് ദേഹത്തേക്ക് പതിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. 

അപകടാവസ്ഥയിലുള്ള തെങ്ങുകൾ മുറിച്ച് മാറ്റണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും അതെല്ലാം കോർപ്പറേഷൻ അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്. 2018ൽ കോർപ്പറേഷൻ നടത്തിയ കണക്കെടുപ്പിൽ 29 ലക്ഷം തെങ്ങുകൾ നഗരത്തിലുണ്ട്. ചുറ്റും കെട്ടിടങ്ങൾ നിറഞ്ഞ, വേരോടാൻ ഇടമില്ലാത്തിടത്താണ് തെങ്ങുകൾ ഇങ്ങനെ വളരുന്നത്. ഭൂരിഭാഗവും എങ്ങനെയെല്ലാമോ വള‍ർന്ന് വന്നത്. കൃത്യമായ പരിപാലനമില്ല. മഴക്കാലത്ത് മണ്ണൊലിച്ച് പോയി എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ് പലതും. ആശങ്കയിലാണ് കഴിയുന്നതെന്ന് മുംബൈ മലയാളിയായ കണ്ണൂർ സ്വദേശി സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനിരുധിന്‍റെ ജീവനെടുത്ത സ്ഥലത്ത് ഇനിയും അപകടാവസ്ഥയിൽ തെങ്ങുകളുണ്ട്. ചിലത് കയറിട്ട് കെട്ടിവച്ചിരിക്കുന്നതും കാണാം. ശാശ്വത പരിഹാരം മാത്രം ഇല്ല.