മുംബൈ: മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ സ്വദേശി പി ജി ഗംഗാധരനാണ് നവിമുംബൈയിൽ മരിച്ചത്. അതേസമയം, താനെയിൽ ഹൃദയാഘാതം വന്ന മലയാളി ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. അതിനിടെ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഗുജറാത്തിൽ നിന്ന് ആദ്യത്തെ പ്രത്യേക ട്രെയിൻ കേരളത്തിലേക്ക് യാത്ര പുറപ്പെട്ടു. 

നവിമുംബൈയിലെ കോർപ്പർഖർണനയിൽ താമസിക്കുന്ന പി ജി ഗംഗാധരൻ ഇന്നലെ അർധരാത്രിയോടെയാണ് മരിച്ചത്. വാഷിയിലെ എംജിഎം ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തി രോഗം ഉറപ്പ് വരുത്തി. തുടർന്ന് ഇന്നലെ വാഷിയിലെ സിവിൽ ആശുപത്രിയിലേറ്റ് മാറ്റുകയായിരുന്നു. ആശുപത്രിയിലെ വെന്‍റിലേറ്ററുകൾ ഒഴിവില്ലാത്തതിനാൽ രാത്രി രോഗം മൂർച്ചിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങേണ്ടി വന്നെന്ന് ബന്ധുക്കൾ പറയുന്നു. 

പത്തനംതിട്ട സ്വദേശിയായ രാജീവനാണ് താനെയിൽ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. നെഞ്ച് വേദന വന്നതിനെ തുടർന്ന് ഒരു റിക്ഷാക്കരാന്‍റെ സഹായത്തോടെ നാല് ആശുപത്രിയിൽ കയറി ഇറങ്ങിയെങ്കിലും എവിടെയും പ്രവേശനം അനുവദിച്ചില്ല. ഒടുവിൽ മുളുണ്ടിലെ കാംകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഇലക്ട്രീഷ്യനായ രാജീവൻ ഭാര്യയും ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതുവരെ നാല് മലയാളികളാണ് മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചത്. 

അതിനിടെ, ഇന്നലെ അർധരാത്രിയാണ് ഗുജറാത്തിൽ നിന്നുള്ള ആദ്യത്തെ ട്രെയിൻ കേരളത്തിലേക്ക് തിരിച്ചത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരടക്കം ആയിരത്തിലേറെപേർ ട്രെയിനിലുണ്ട്. യാത്രാ ചെലവ് മുഴുവൻ ഗുജറാത്ത് സർക്കാരാണ് വഹിക്കുന്നത്. കേരളത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളാണ് ട്രെയിന് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. നേരത്തെ രണ്ട് തവണ ഗുജറാത്ത് സർക്കാർ ട്രെയിൻ ഓടിക്കാൻ തയാറായി മുന്നോട്ട് വന്നിരുന്നെങ്കിലും കേരളത്തിന്‍റെ എതിർപ്പ് കാരണം മുടങ്ങുകയായിരുന്നു.