രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച വിഷയത്തിൽ സുപ്രീം കോടതിയെ വിമർശിച്ചതിനെതിരെയാണ് ഹർജി
ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകി മലയാളി അഭിഭാഷകൻ. സുപ്രീം കോടതിയിലാണ് മലയാളി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഹർജി നൽകിയത്. ജൂഡീഷ്യറിക്കെതിരായ പരാമർശത്തിൽ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം.
നേരത്തെ ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് സുഭാഷ് തീക്കാടൻ കത്ത് നൽകിയിരുന്നു കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സുപ്രീം കോടതിക്കെതിരെ വിമർശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നടക്കം ധൻകർ അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടടക്കം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധൻകർ വിമർശിച്ചിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർദേശം നൽകുന്നത്? രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നടക്കമുള്ള ചോദ്യങ്ങളാണ് ഉപരാഷ്ട്രപതി ഉയർത്തിയത്. പാർലമെന്‍റിന് മുകളിൽ ഒരു അധികാര സ്ഥാനവും ഇല്ലെന്നും, ജനങ്ങൾ തെരഞ്ഞെടുക്കുന്നവർക്കാണ് ഭരണഘടന സംരക്ഷിക്കാൻ ഉള്ള അവകാശമെന്നും ധൻകർ പറഞ്ഞിരുന്നു. ഭരണഘടന എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് പാർലമെന്‍റാണെന്നും തന്‍റെ വാക്കുകൾ രാജ്യതാൽപര്യം സംരക്ഷിക്കാനാണെന്നും ധൻകർ ന്യായീകരിച്ചിരുന്നു.


