ബാലേശ്വ‍ർ: കേരളത്തിൽ വച്ചു മരണപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹവുമായി കൊൽക്കത്തയിലേക്ക് പോയ മലയാളി ആംബുലൻസ് ഡ്രൈവർമാർ തിരികെയുള്ള യാത്രയിൽ പശ്ചിമബംഗാൾ - ഒഡീഷ അതിർത്തിയിൽ കുടുങ്ങി. ഒഡീഷയിലെ ബലേശ്വറിലാണ് ആംബുലൻസ് ഡ്രൈവർമാർ ഏഴ് മണിക്കൂറിലേറെയായി കുടുങ്ങി കിടക്കുന്നത്. 

ഏപ്രിൽ 19-ന് തൊടുപുഴയിൽ വച്ചു മരണപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹവുമായാണ് ആംബുലൻസ് ഡ്രൈവർമാർ കൊൽക്കത്തയിൽ എത്തിയത്. മൃതദേഹം ഇന്നലെ കൊൽക്കത്തയിലെ ബന്ധുക്കൾക്ക് വിട്ടു കൊടുത്ത ശേഷം ഇവർ തിരികെ കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംസ്ഥാന അതിർത്തിയിൽ കുടുങ്ങിയത്. 

ആംബുലൻസ് ഡ്രൈവർമാരായ ജിസ് കെ ജോർജ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. ഇവരുടേത് കൂടാതെ വേറേയും നിരവധി ആംബുലൻസുകൾ ഒഡീഷ അതിർത്തിയിൽ തടഞ്ഞുവച്ചിരിക്കുകയാണ്.