മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടം തെറ്റി നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ആനക്കുട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കൂട്ടം തെറ്റിയ ആനക്കുട്ടിയെ അമ്മയുടെ അടുത്തെത്തിച്ച് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ. പെരിയനായിക്കൻ പാളയത്താണ് സംഭവം.മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടം തെറ്റി നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ആനക്കുട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്നാണ് വനംവകുപ്പ് ജീവനക്കാർ ശനിയാഴ്ച രാവിലെ ഇവിടെ എത്തിയത്.

കൂട്ടംതെറ്റി അവശനായതോടെ കുട്ടിക്കൊമ്പനെ വെറ്റിനറി വിദഗ്ധർ പരിശോധിച്ചു. പിന്നാലെ ഇളനീരും ഗ്ലൂക്കോസും ലാക്ടോജനും നൽകി വനംവകുപ്പ് ഉഷാറാക്കി. ഇതിനിടെ മൂന്ന് സംഘമായി തിരിഞ്ഞ് കുട്ടിക്കൊമ്പന്റെ അമ്മയേ തിരയാനും തുടങ്ങി. വ്യാപകമായ തിരച്ചിലിനൊടുവിലാണ് നായ്ക്കൻപാളയം എന്ന സ്ഥലത്തെ പുതിയ തോപ്പിൽ ആനക്കൂട്ടത്തെ കണ്ടെത്തിയത്.

വൈകുന്നേരം ആറ് മണിയോടെ കുട്ടിക്കൊമ്പനെ വനംവകുപ്പ് തള്ളയാനയുടെ അടുത്ത് എത്തിച്ചു. കുട്ടിയാനയെ ആനക്കൂട്ടം സ്വീകരിച്ചതായും വനംവകുപ്പ് വിശദമാക്കി. ഏതാനും നാളുകൾ കുട്ടിക്കൊമ്പനെ കൂട്ടത്തിനൊപ്പം ഇണങ്ങുന്നുണ്ടോയെന്ന് നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം