Asianet News MalayalamAsianet News Malayalam

'പ്രതിസന്ധികളിൽ തീർപ്പിലേക്കുളള പാലം,വാക്കുകളിലെ കരുതൽ,വിവാദരഹിത പ്രതിച്ഛായ' ഖർഗെയുടെ ചിറകിൽ കരകയറുമോ കോൺഗ്രസ്

കരുതലോടെ കരുപ്പിടിച്ച രാഷ്ട്രീയജീവിതമാണ് മല്ലികാർജുൻ ഖർഗെയുടേത്. വാക്കിലും പ്രവൃത്തിയിലും വിവാദങ്ങളോട് അകലം പാലിച്ചു. പാർട്ടിക്കുളളിൽ സ്വന്തം സംഘമുണ്ടാക്കി കരുത്തുകൂട്ടാൻ ശ്രമങ്ങൾ അധികം നടത്തിയില്ല

mallikarjun kharge  was elected as the Congress president How to help Congress
Author
First Published Oct 19, 2022, 2:03 PM IST

കരുതലോടെ കരുപ്പിടിച്ച രാഷ്ട്രീയജീവിതമാണ് മല്ലികാർജുൻ ഖർഗെയുടേത്. വാക്കിലും പ്രവൃത്തിയിലും വിവാദങ്ങളോട് അകലം പാലിച്ചു. പാർട്ടിക്കുളളിൽ സ്വന്തം സംഘമുണ്ടാക്കി കരുത്തുകൂട്ടാൻ ശ്രമങ്ങൾ അധികം നടത്തിയില്ല. കർണാടകത്തിൽ അർഹിച്ച പദവികൾ അകന്നതിന് കാരണവും അതുതന്നെ.  കലബുറഗിയിലെ ചെറുപ്പകാലത്ത് കബഡി കളിക്കാരനായിരുന്നു മല്ലികാർജുൻ ഖർഗെ. ടീമിലെ റെയ്ഡർ. ഞൊടിയിടയിൽ, ഞെട്ടിക്കുന്ന നീക്കങ്ങളിൽ എതിരാളികളെ തൊട്ടുവീഴ്ത്തി മടങ്ങുന്ന വേട്ടക്കാരൻ. കർണാടക രാഷ്ട്രീയത്തിൽ അമരത്തെത്തിയവരെല്ലാം പയറ്റിയ റെയ്ഡർ ശൈലി പക്ഷേ ഖർഗെ പകർത്തിയില്ല. 

കുതികാൽവെട്ടിന്‍റെ ചരിത്രം പ്രത്യക്ഷത്തിലില്ല. നെഹ്റു കുടുംബത്തിന്‍റെ വിധേയൻ, പ്രതിസന്ധികളുടെ തീർപ്പിലേക്കുളള പാലം,വാക്കുകളിലെ കരുതൽ, വിവാദരഹിത പ്രതിച്ഛായ. കർണാടകത്തിലെ എകെ ആന്‍റണിയാണ് കോൺഗ്രസിന് ഖർഗെ. പക്ഷേ അരനൂറ്റാണ്ടിന്‍റെ പാർലമെന്ററി പരിചയമുണ്ടായിട്ടും മുഖ്യമന്ത്രി പദത്തിൽ ഇരുത്തിയിട്ടല്ല ഖർഗെയെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിച്ചത്. മൂന്ന് തവണ മുഖ്യമന്ത്രി പദത്തിലേക്ക് ഖർഗെയുടെ പേര് വന്നു. 99ൽ എസ്എം കൃഷ്ണയ്ക്ക് വേണ്ടി വഴിമാറി. 

2004ൽ ജെഡിഎസുമായി കോൺഗ്രസ് കൈകോർത്തപ്പോൾ ഖർഗെ തന്നെ മുഖ്യമന്ത്രിയെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാൽ നറുക്ക് ധരംസിങിന് വീണു. ദളിതൻ മുഖ്യമന്ത്രിയാകുന്നതിൽ വൊക്കലിഗക്കാരനായ ദേവഗൗഡയ്ക്കുളള എതിർപ്പെന്ന് വ്യാഖ്യാനമുണ്ടായി. എന്നാൽ ജലസേചന മന്ത്രിയായിരിക്കെ തന്‍റെ വകുപ്പിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവന്ന പഴയ പ്രതിപക്ഷ ഉപനേതാവിനെ ദേവഗൗഡയ്ക്ക് താത്പര്യമുണ്ടായില്ല എന്നത് അണിയറക്കഥ.

Read more: മിന്നും ജയം നേടി ഖർഗേ, മാറ്റ് തെളിയിച്ച് ശശി തരൂർ; കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും

2013-ലും ഖർഗെയുടെ പേര് വന്നു. സിദ്ധരാമയ്യ പക്ഷേ എംഎൽഎമാരെ ഒപ്പം നിർത്തി. താനേ വരും പദവിയെന്ന് ധരിച്ച് ഖർഗെ നീക്കുപോക്കുകൾക്ക് പോയില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഉറപ്പിച്ചപ്പോഴും ഹൈക്കമാൻഡിലുളള സ്വാധീനം വെച്ച് ചരടുവലികൾക്ക് നിന്നില്ല. പദവികൾ അകന്നപ്പോഴും വിമതനാവാൻ നിന്നില്ല ഒരിക്കലും ഖർഗെ. ബസവലിംഗപ്പ, കെഎച്ച് രംഗനാഥ് .. കർണാടക കോൺഗ്രസിൽ ദളിത് ആയതുകൊണ്ട് മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടവരെന്ന് പേരുളളവർ. ഖർഗെ അക്കൂട്ടത്തിലേക്ക് തന്നെ ചേർക്കാൻ സമ്മതിക്കില്ല. ദളിത് നേതാവല്ല, കോൺഗ്രസ് നേതാവാണെന്ന് ദേഷ്യത്തോടെ ഊന്നും.

ബീദറിലെ വരാവത്തിയിൽ നിന്ന്, വർഗീയ കലാപത്തെ തുടർന്നാണ് ഖർഗെയുടെ കുടുംബം കലബുറഗിയിലേക്ക് പലായനം ചെയ്തത്. കലാപത്തിൽ സഹോദരിയെയും നഷ്ടപ്പെട്ടു. തികഞ്ഞ മതേതരബോധം ഖർഗെ മുറുകെപ്പിടിച്ചതിന് പിന്നിൽ ഈ അനുഭവപാഠം കൂടിയുണ്ട്. ബുദ്ധമതവും അംബേദ്കർ വഴിയുമാണ് ഖർഗെയുടെ വിശ്വാസം. സിനിമാ തിയറ്ററിൽ പണിയെടുത്തും പിന്നീട് വക്കീലായി തൊഴിൽ കേസുകൾ ഏറ്റെടുത്ത് നടത്തിയും വന്ന ഖർഗെയിലെ നേതാവിനെ കണ്ടെത്തുന്നത് ദേവരാജ് അരസാണ്. 1972ൽ നിയമസഭയിലേക്ക് ആദ്യ പോരാട്ടം. തോൽവിയറിയാതെ തുടർച്ചയായ 11 മത്സരം. സോലില്ലദ സർദാര അഥവാ തോൽക്കാത്ത നേതാവെന്ന് പേരെടുത്തു. പക്ഷേ 2019ൽ തന്‍റെ മുൻ പോളിങ് ഏജന്ർറിനോട് ഖർഗെ ലോക്സഭയിലേക്ക് തോറ്റു.

പ്രിയങ്ക്, രാഹുൽ, പ്രിയദർശനി ഖർഗെയുടെ മക്കളുടെ പേരുകൾ. നെഹ്റു കുടുംബത്തോടുളള പ്രിയമതിലുണ്ട്. മക്കൾ രാഷ്ട്രീയത്തിന്‍റെ നെഹ്റു കുടുംബ പാരന്പര്യവും ഖർഗെ കൂടെക്കൂട്ടി. മകൻ പ്രിയങ്കിനെ പിൻഗാമിയാക്കി. തെരഞ്ഞെടുപ്പടുത്ത കർണാടകത്തിൽ നിന്ന് ഖർഗെ കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തുന്പോൾ ഒന്നുകൂടിയുണ്ട്. കോൺഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രസിഡന്‍റ് ഇനി കർണാടകക്കാരാണ്.. തോൽവികളുടെ കഷ്ടകാലം കടന്ന് സോലില്ലദ സർദാര കോൺഗ്രസിനെ കരകയറ്റുമോ? ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റിന്  പഴയ കബഡി റെയ്ഡറുടെ തഴക്കത്തോടെ എതിരാളികളെ വീഴ്ത്തുന്ന വീര്യമുണ്ടാകുമോ? ഖർഗെ തെളിയിക്കട്ടെ..
 

Follow Us:
Download App:
  • android
  • ios