Asianet News MalayalamAsianet News Malayalam

'ഞങ്ങൾ വിശന്നിരിക്കും, എന്നിട്ട് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കും'; പോഷകാഹാരമില്ലാതെ പാൽഘറിലെ കുട്ടികള്‍

കുട്ടികൾ സ്കൂളിൽ പോയിക്കൊണ്ടിരുന്ന സമയത്ത് അവർ ഉച്ചഭക്ഷണം ലഭിക്കുമായിരുന്നു. സ്കൂളുകൾ പൂട്ടിയതിനെ തുടർന്ന് അതും ലഭിക്കാതായി. 

malnutrition rises in Maharashtra palghar
Author
Mumbai, First Published Sep 26, 2020, 11:59 AM IST

മുംബൈ: മൂന്നു വയസ്സുണ്ട് ഉമേഷിന്. എന്നാൽ കണ്ടാൽ ഒരു വയസ്സുള്ള കുഞ്ഞാണെന്നേ പറയൂ. എട്ട് കിലോ ശരീരഭാരമുണ്ടാകേണ്ട ഉമേഷിന് വെറും കിലോ മാത്രമാണ്. അതായത് ഈ പ്രായത്തിൽ ഉണ്ടായിരിക്കേണ്ട ശരീരഭാരത്തിന്റെ വെറും 33 ശതമാനം മാത്രം. 84 സെന്റീമീറ്ററാണ് ഉയരം. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ അവിടെ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണവും അവന്റെ സഹോദരന് കിട്ടുന്നില്ല. 'ഇപ്പോൾ വീട്ടിൽ നാല് ആളുകളുണ്ട്. എല്ലാവർക്കും ഭക്ഷണം നൽകാൻ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്. ഇളയകുട്ടിക്ക് തൂക്കക്കുറവുണ്ട്. അവന്റെ ആരോ​ഗ്യകാര്യത്തിലാണ് ആശങ്ക.'  ഇവരുടെ അമ്മയായ പ്രമീള പറയുന്നു. 

ഭിവണ്ടിയിൽ അതിഥി തൊഴിലാളികളായി ജോലി ചെയ്യുന്ന പ്രമീളയ്ക്കും ഭർത്താവ് അശോകിനും ലോക്ക് ഡൗൺ കാലം സമ്മർദ്ദത്തിന്റേതാണ്. മുംബൈയിൽ നിന്ന് 130 കിലോമീറ്റർ ദൂരം പൽഘർ ജില്ലയിലെ തരാൽപാണ്ഡ എന്ന കു​ഗ്രാമത്തിലാണ് ഇവർ ജീവിക്കുന്നത്. ​ഗോത്രവർ​ഗവിഭാ​ഗമായ ഇവരിൽ 90 ശതമാനം പേരും താനെ, ഭിവണ്ടി എന്നിവിടങ്ങളിൽ കുടിയേറ്റത്തൊഴിലാളികളായിട്ടാണ് ജോലി ചെയ്യുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇവരെല്ലാം തന്നെ ജോലി നഷ്ടപ്പെട്ട് വീട്ടിനുള്ളിലേക്ക് ഒതുങ്ങി. അൺലോക്ക് ആരംഭിച്ചതിന് ശേഷവും ഇവരിൽ പലരും ജോലി കണ്ടെത്താൻ പാടുപെടുകയാണ്. 

ഈ ​ഗോത്രവിഭാ​ഗത്തിൽ പെട്ട കുട്ടികളിൽ പലരും ​ഗുരുതരമായ പോഷകാഹാരക്കുറവാണ് നേരിടുന്നത്. വളർച്ച മുരടിച്ച അവസ്ഥയാണ് പല കുട്ടികൾക്കുമുള്ളത്. ഉണക്കലരി മാത്രമാണ് ഇവരുടെ ഭക്ഷണം. അതുകൊണ്ട് തന്നെ ആവശ്യമായ പോഷകങ്ങളൊന്നും തന്നെ ഇവർക്ക് ലഭിക്കുന്നില്ല. 'ഞങ്ങളുടെ കയ്യിൽ പണമില്ല, അതുകൊണ്ട് തന്നെ അവർക്ക് പച്ചക്കറികൾ വാങ്ങിച്ചു കൊടുക്കാൻ സാധിക്കുന്നില്ല. പച്ചക്കറി കിട്ടുമ്പോൾ മാത്രമാണ് അവർക്ക് കൊടുക്കുന്നത്.' ജയ് താരൽ എന്ന മുത്തശ്ശി പറഞ്ഞു. 

കുട്ടികൾ സ്കൂളിൽ പോയിക്കൊണ്ടിരുന്ന സമയത്ത് അവർ ഉച്ചഭക്ഷണം ലഭിക്കുമായിരുന്നു. സ്കൂളുകൾ പൂട്ടിയതിനെ തുടർന്ന് അതും ലഭിക്കാതായി. മുതിർന്നവർ വിശന്നിരുന്നിട്ടാണ് കുട്ടികൾക്ക് രണ്ട് നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ സാധിക്കുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ കണക്ക് അനുസരിച്ച് തൂക്കക്കുറവും പോഷകാഹാരക്കുറവുമുള്ള കുഞ്ഞുങ്ങൾ പാൽഘറിൽ സാധാരണയാണ്. മഹാരാഷ്ട്രയിലെ ഏറ്റവും പിന്നാക്ക മേഖലകളിലൊന്നാണ് പാൽഘർ. 

ലോക്ക് ഡൗൺ പ്രഖ്യാപനം ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കി. പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളുടെ എണ്ണത്തിൽ രണ്ട് ശതമാനം വർദ്ധനയാണ് ഉണ്ടായത്. ഏപ്രിലിൽ 2399 ആയിരുന്ന കേസുകൾ ജൂണിൽ 2459 ആയി ഉയർന്നു. ജവഹർ താലൂക്കിൽ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 600 നിന്ന് രണ്ട് മാസം കൊണ്ട് 682 ആയി ഉയർന്നു. ഇത് 13 ശതമാനം വർദ്ധനവാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവർക്കായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന റേഷൻ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഇവിടുത്തെ സാമൂഹ്യപ്രവർ‌ത്തകർ‌ സാക്ഷ്യപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios