കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അക്രമങ്ങളെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ ബിജെപി കോടികള്‍ മുടക്കുന്നതായി ആരോപിച്ച് മമത ബാനര്‍ജി. വ്യാജ പ്രചാരണങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബിജെപിക്ക് എതിരായി മമത രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 'സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ കോടികളാണ് ബിജെപി ചെലവഴിക്കുന്നത്. പശ്ചിമ ബംഗാളില്‍ അക്രമങ്ങള്‍ വ്യാപകമാണെന്ന് പ്രചരിപ്പിക്കുന്നതിനായി ബിജെപിയും കേഡര്‍ പാര്‍ട്ടികളും ശ്രമിക്കുന്നു. അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനെപ്പോലെ തന്നെ കേന്ദ്ര സര്‍ക്കാരിനും ഉണ്ട്'- മമത പറഞ്ഞു. രാജ്യത്ത് ബിജെപിക്ക് എതിരായി ശബ്ദമുയര്‍ത്തുന്ന ഏക വ്യക്തിയായ തന്നെ നിശബ്ദയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. 

 ശനിയാഴ്ച നോര്‍ത്ത് 24 പാരഗണാസിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെയാണ് ബാസിർഹട്ട് ജില്ലയിൽ സംഘര്‍ഷം രൂക്ഷമായത്.  മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.