യാതൊരു കാരണവശാലും ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമബം​​ഗാളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് മമത ബാനർജിയുടെ നിലപാട്. ഇവ രണ്ടും പിൻവലിക്കുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്ന പ്രഖ്യാപനവുമായിട്ടാണ് മമത ബം​ഗാളിൽ കൂറ്റൻ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ദില്ലി: പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളിൽ അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ''രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവർ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാൻ ആരാണെന്ന് എന്റെ വസ്ത്രം നോക്കി തീരുമാനിക്കാൻ അവർക്ക് സാധിക്കുമോ?'' മമത ബാനർജി രോഷത്തോടെ ചോദിക്കുന്നു.

കോൺ​ഗ്രസ് പാർട്ടിയും അവരുടെ സഖ്യകക്ഷികളും ചേർന്ന് കോലാഹലങ്ങൾ സൃഷ്ടിക്കുകയാണെന്നും അവിടെയുള്ള വസ്തുക്കൾക്ക് തീയിടുന്നത് ആരൊക്കെയെന്ന് അവരുടെ വസ്ത്രത്തിൽ നിന്ന് തിരിച്ചറിയാമെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമതയുടെ രൂക്ഷവിമർശനം. പൗരത്വ ബിൽ ഭേദ​ഗതിക്കെതിരെ ബം​ഗാളിൽ വൻ പ്രതിഷേധമാണ് മമത ബാനർജി സംഘടിപ്പിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമബം​​ഗാളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് മമത ബാനർജിയുടെ നിലപാട്. ഇവ രണ്ടും പിൻവലിക്കുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്ന പ്രഖ്യാപനവുമായിട്ടാണ് മമത ബം​ഗാളിൽ കൂറ്റൻ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

''ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ബം​ഗാളിൽ നടപ്പാക്കാൻ സമ്മതിക്കില്ല. നിങ്ങൾക്ക് എന്റെ സർക്കാരിനെ പിരിച്ചുവിടുകയോ എന്നെ അഴിക്കുള്ളിലാക്കുകയോ ചെയ്യാം. പക്ഷേ ഈ കരിനിയമം നടപ്പിലാക്കാൻ ഞാൻ സമ്മതിക്കില്ല. ഇവ പിൻവലിക്കുന്നത് വരെ ജനാധിപത്യപരമായി ഞാൻ പോരാടുക തന്നെ ചെയ്യും.'' മമത ബാനർജി പറയുന്നു.