മമതയുടെ കാര്‍ അടുത്തെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കുകയായിരുന്നു. കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകരോട് കയര്‍ത്തു. 

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീഡിയോ വൈറലാകുന്നു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

തനിക്കെതിരെ ബംഗാളിന് പുറത്ത്നിന്ന് എത്തിയ ചിലരാണ് ജയ് ശ്രീറാം വിളിക്കുന്നതെന്ന് മമതാ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴാണ് സംഭവം. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെ നൈഹാതിയില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മമത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെയായിരുന്നു മമതയുടെ ധര്‍ണ. 

മമതയുടെ കാര്‍ അടുത്തെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കുകയായിരുന്നു. കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകരോട് കയര്‍ത്തു. നിങ്ങളെന്താണ് കരുതിയത്. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ നിങ്ങള്‍ ഞങ്ങളെ അപമാനിക്കാമെന്ന് കരുതിയോ. ഞാനിത് സഹിക്കില്ല. എന്നെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങളുടെ എല്ലാവരുടെയും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തും.- എന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. പിന്നീട് നടന്ന ധര്‍ണയിലും ബിജെപി പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്ന് മമത ആരോപിച്ചു. 

Scroll to load tweet…