നാലര പതിറ്റാണ്ടിന് ശേഷം അഭിഭാഷകക്കുപ്പായം അണിഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ മമത ബാനർജി സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ചു. 

ദില്ലി: ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയിൽ നേരിട്ടെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസാധാരണ നീക്കം. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത പറഞ്ഞത്. 

വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. 100 ലധികം പേർ എസ്ഐആറിനെതുടർന്ന് മരിച്ചെന്നും മമത കോടതിയില്‍ പറഞ്ഞു. വാദം പൂർത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു. ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവമാണ് എന്നായിരുന്നു തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ എതിർവാദം. പച്ചക്കള്ളമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നതെന്ന് മമത തിരിച്ചടിച്ചു. ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദവാദം നടക്കും.

മമത കോടതിയിൽ വാദിക്കുന്നത് നാലര പതിറ്റാണ്ടിന് ശേഷം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത സർവകലാശാലയ്ക്ക് കീഴിലുള്ള ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത് അര നൂറ്റാണ്ട് മുൻപാണ്. നിയമ ബിരുദം നേടിയ ശേഷം അവർ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തിരുന്നു. പിന്നീട് അവർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായി മാറുകയും ചെയ്തതോടെ ആണ് അഭിഭാഷക ജോലി അവസാനിപ്പിച്ചത്. കൊൽക്കത്തയിലെ ജോഗാമയ ദേവി കോളേജിൽ നിന്ന് ഹിസ്റ്ററി ബിരുദം, കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം, ശ്രീ ശിക്ഷായതൻ കോളേജിൽ നിന്ന് ബി എഡ് എന്നിവയും മമതയ്ക്കുണ്ട്. അഭിഭാഷകയായി ജീവിതം തുടങ്ങിയ മമത കോടതിയിൽ വാദിക്കുന്നത് നാലര പതിറ്റാണ്ടിനു ശേഷമാണ്.

YouTube video player