കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 10000 രൂപ നിക്ഷേപിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പഴിചാരല്‍ തുടരുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ ആവശ്യം. മഹാമാരി നിമിത്തം സമാനതയില്ലാത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കുടിയേറ്റ തൊഴിലാളികള്‍ കടന്നുപോകുന്നത്. വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് 10000 രൂപ നല്‍കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി പണം കണ്ടെത്താമെന്നും മമത ബുധനാഴ്ച ട്വീറ്റ് ചെയ്തു.

ഉംപുണ്‍ ചുഴലിക്കാറ്റില്‍ വീട് നഷ്ടമായവരുടെ അക്കൌണ്ടിലേക്ക് 20000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും മമത വിശദമാക്കി. ചുഴലിക്കാറ്റ് സാരമായി ബാധിച്ച 5 ലക്ഷത്തോളം ആളുകളെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഇതിനോട് അകം സഹായിക്കാനായത്. വിളനാശം സംഭവിച്ച 23.3 ലക്ഷം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ സാധിച്ചു. 1444 കോടി രൂപയോളമാണ് ഇതിനോടകം സഹായത്തിനായി നല്‍കിയിട്ടുള്ളതെന്നും മമത വിശദമാക്കുന്നു. 

എന്നാല്‍ മമത ബാനര്‍ജിയുടെ പുതിയ ആവശ്യം അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിലെ വീഴ്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് ബിജെപി നാഷണല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറയുന്നത്. പ്രത്യേക ട്രെയിനുകള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് ഏറെ സമ്മര്‍ദ്ദം മമത സര്‍ക്കാരിന് മേല്‍ ചുമത്തേണ്ടി വന്നു. കുടിയേറ്റ തൊഴിലാളികള്‍ മമതയെ പുച്ഛിക്കുകയാണെന്നും മടങ്ങിയെത്തിയവര്‍ക്ക് തൊഴില്‍ നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് മമത ബാനര്‍ജിയെന്നുമാണ് ബിജെപി ആരോപിക്കുന്നത്.