കൊൽക്കത്ത: കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ 150 വാർഷികാഘോഷത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ രാവിലത്തെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഇന്നലെ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, നിയമത്തിനെതിരായ എതിർപ്പ് ശക്തമായി മമത ഉന്നയിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കൊൽക്കത്തയിൽ വ്യാപകമായ പ്രതിഷേധമുണ്ടായി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയത്.  നിരവധി പരിപാടികളിൽ മോദി പങ്കെടുക്കുന്നുണ്ട്. ഇതിൽ രണ്ട് പരിപാടികളിലെങ്കിലും മോദിയും മമതയും ഒരേ വേദി പങ്കിടമെന്നാണ് ഇന്നലെ കരുതിയത്. എന്നാൽ രണ്ടിലും മമത പങ്കെടുക്കില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

കൊൽക്കത്തയിലെ ഹുഗ്ലി നദിക്കരയിലുള്ള മില്ലേനിയം പാർക്കിലാണ് കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ 150 വാർഷികാഘോഷം നിശ്ചയിച്ചിരുന്നത്. ഈ ചടങ്ങിലും ഹൗറ പാലത്തിന് മുകളിലുള്ള പുതിയ വെളിച്ചവിന്യാസത്തിന്റെ ഉദ്ഘാടന ചടങ്ങിലും മോദിയും മമതയും എതിർപ്പുകൾ മറന്ന് വേദി പങ്കിടുമെന്നാണ് കരുതിയത്. എന്നാൽ രണ്ട് പരിപാടിയിലും മമത പങ്കെടുക്കില്ല.

ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ പൗരത്വ നിയമഭേദഗതി അടിയന്തരമായി പിൻവലിക്കണം, പൗരത്വ റജിസ്റ്റർ നടപ്പാക്കരുത് തുടങ്ങിയ കാര്യങ്ങൾ മമത ആവശ്യപ്പെട്ടു. പൗരത്വ റജിസ്റ്റർ തയ്യാറാക്കാൻ ജനസംഖ്യാ റജിസ്റ്ററിലെ വിവരങ്ങൾ ഉപയോഗിക്കരുതെന്നും കൂടിക്കാഴ്ചയിൽ മമത പറഞ്ഞു. 

''ഔപചാരികമര്യാദയുടെ പേരിലാണ് ഞാൻ പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയത്. പശ്ചിമബംഗാളിലെ ജനങ്ങൾ പൗരത്വ നിയമഭേദഗതിയോ, ദേശീയ പൗരത്വ, ജനസംഖ്യാ റജിസ്റ്ററുകളോ സ്വീകരിക്കാൻ പോകുന്നില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഇവയിലെല്ലാം പുനർവിചിന്തനം വേണമെന്നും ഞാൻ ആവശ്യപ്പെട്ടു'', കൂടിക്കാഴ്ചയ്ക്ക് ശേഷം മമതാ ബാനർജി പറഞ്ഞു.