കൊൽക്കത്ത:  മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മമതാ ബാനര്‍ജി അനുവദിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനം അമിത് ഷാ തുടങ്ങിയത്. ബംഗാളിലെ ജനങ്ങളുടെ കണ്ണുകളില്‍ മാറ്റത്തിനായുള്ള ആഗ്രഹം കാണാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അത് സാധ്യമാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മാവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കുന്നു. 

ആദിവാസി, ന്യൂനപക്ഷ മേഖലകള്‍ ഉന്നമിട്ടാണ് അമിത് ഷായുടെ നീക്കം. ആദ്യ ദിനം ആദിവാസി മേഖലയായ ബന്‍കുറ സന്ദര്‍ശിച്ച അമിത് ഷാ, കേന്ദ്ര സര്‍ക്കാരിന്‍റെ പിന്നാക്ക നിക്ഷേപ പദ്ധതികളൊന്നും നടപ്പാക്കാന്‍ മമത ബാനര്‍ജി അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. മാതുവ കുടിയേറ്റ മേഖലയിലാണ് നാളത്തെ സന്ദര്‍ശനം. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്ന അമിത് ഷാ പൗരത്വ നിമയ ഭേദഗതി പ്രതിധേഷങ്ങളെ തണുപ്പിക്കാനാവുമെന്നും കരുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബംഗാള്‍ ബിജെപി ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കൂടിക്കാഴ്ചകളും അമിത് ഷാ നടത്തുന്നുണ്ട്.