ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രിയായി രണ്ടാമൂഴത്തില്‍ നരേന്ദ്ര മോദി അധികാരമേറ്റു.

ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രിയായി രണ്ടാമൂഴത്തില്‍ നരേന്ദ്ര മോദി അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. 

58 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മനേക ഗാന്ധി എന്നിവരുൾപ്പടെയുള്ള പലരെയും ഒഴിവാക്കിയാണ് പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 25 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.

ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2014-ലെന്ന പോലെ, വീണ്ടുമൊരിക്കൽ രാഷ്ട്രപതിഭവന്‍റെ മുറ്റത്ത്, 'നരേന്ദ്രദാമോദർ ദാസ് മോദി എന്ന ഞാൻ' എന്ന സത്യപ്രതിജ്ഞാ വാചകം രാഷ്ട്രപതിയിൽ നിന്ന് മോദി ഏറ്റുചൊല്ലുമ്പോൾ, എന്താകും രണ്ടാമൂഴത്തിൽ കാത്തിരിക്കേണ്ടതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മോദി ഇങ്ങനെ രണ്ടാം ഊഴത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന് ശേഷം ഏറ്റവും തിരിച്ചടിയേറ്റത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ്. നേരിട്ടുള്ള യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ട മമതയ്ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലൂടെ ബിജെപി നല്‍കിയത്.

ഇതുവരെ എതിര്‍ സ്വരം കേള്‍ക്കാത്ത ബംഗാളില്‍ നിന്ന് പതിവില്‍ നിന്ന് മാറി മോദിക്കും ബിജെപിക്കും ജയ് വിളികളും കേട്ട് തുടങ്ങി. എന്നാല്‍ മമതയുടെ മുന്നില്‍ വരെ ഇത്തരം സംഭവങ്ങള്‍ വന്നതോടെ ദീതി അത്ര സന്തോഷത്തിലല്ല. മോദിക്ക് ജയ് വിളിച്ചവരെ ദേഷ്യത്തോടെ നോക്കുന്ന മമതയുടെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

അതിന് പിന്നാലെയാണ് മറ്റൊരു സംഭവം കൂടി വാര്‍ത്തയാകുന്നത്. മമതയ്ക്ക് മുന്നില്‍ ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ച പത്തുപേരെ മമതയുടെ നിര്‍ദേശ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് പക്ഷെ അറസ്റ്റുണ്ടായില്ല.

ഒരു കൂട്ടം ആളുകള്‍ ജയ് ശ്രീരാം വിളിച്ചു. അവരെ ശകാരിച്ചുകൊണ്ട് മമത കാറിലേക്ക് കയറുകയായിരുന്നു. ജയ് ശ്രീറാം വീണ്ടും ആര്‍ത്ത് വിളിച്ചപ്പോള്‍ മമതയുടെ നിയന്ത്രണം വിട്ടു. മമത വരെ നോക്കി ക്രിമിനല്‍സ് എന്ന് വിളിച്ചു. എംഎല്‍എ ഫഠാക്കെസ്തോ എന്ന മിഥുന്‍ ചക്രബര്‍ത്തിയുടെ ചിത്രത്തിലെ ഡയലോഗും പറഞ്ഞായിരുന്നു ദീതി മടങ്ങിയത്.

എന്തായാലും ജയ് മോദിയും ജയ് ബിജെപിയും മാത്രമല്ല. മമതയെ അസ്വസ്ഥമാക്കുന്നത്. ജയ് ശ്രീ റാം വിളി കൂടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കോര്‍ കമ്മിറ്റി ഇന്ന് ചേരാനിരിക്കെ ബംഗാളിലെ മാറ്റങ്ങളും പാര്‍ട്ടി എങ്ങനെ മാറണം എന്നതും ആകും ചര്‍ച്ച. ബിജെപിയും അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ബംഗാള്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ്.