കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ ഐക്യശ്രമത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോല്‍പ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിനെ (sharad Pawar) സന്ദര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിMamata Banerjee). അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പുതിയ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് മമത സംസാരിച്ചു. നിലവിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതിഷേധിക്കാന്‍ ആരുമില്ലെന്നും യുപിഎ (UPA) നിലവിലില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. എന്താണ് യുപിഎ, ഇപ്പോള്‍ യുപിഎ ഇല്ല- പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ച പവാര്‍, അന്ന് 2024ന് മുന്നോടിയായിട്ടുള്ള ടെംപ്ലേറ്റാണെന്ന് വ്യക്തമാക്കിയിരുന്നു. ശരദ് പവാര്‍ രാജ്യത്തെ മുതിര്‍ന്ന നേതാവാണെന്നും രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് താന്‍ മുംബൈയിലെത്തിയതെന്നും മമത പറഞ്ഞു. ശരദ് പവാര്‍ പറയുന്നതെന്തും താന്‍ അനുസരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സംഘടിപ്പിക്കാനാണ് മമതയുടെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന സൂചനയും അവര്‍ നല്‍കിയിരുന്നു. ബിജെപിക്കെതിരെ പോരാടാന്‍ തയ്യാറുള്ള ആര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതമാണെന്നും അവര്‍ പറഞ്ഞിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മമതയുമൊത്തുള്ള ചിത്രങ്ങള്‍ ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് എന്നിവരെയും മമത സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ ഐക്യശ്രമത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോല്‍പ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.