പുറത്തുനിന്ന് എത്തുന്നവര്‍ക്കല്ല, ബംഗാളിലുള്ളവര്‍ക്കാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും കഴിയുകയെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
കൊല്‍ക്കത്ത: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ മമതാ ബാനര്‍ജി രംഗത്ത്. ബംഗാളിലേക്ക് ചിലര്‍ ഹൈദരാബാദില്‍ നിന്ന് പണച്ചാക്കുമായി എത്തുന്നുവെന്നും മുസ്ലീങ്ങളോട് സഹതാപം ഉള്ളവരാണ് അവരെന്നുമാണ് ധാരണ. എന്നാല്‍, ബിജെപിയുടെ സഖ്യമാണ് അവരെന്ന് ഒവൈസിയെ ഉന്നംവെച്ച് മമതാ ബാനര്‍ജി വ്യക്തമാക്കി. ഇത്തരക്കാരെ ബംഗാള്‍ മുസ്ലീങ്ങള്‍ വിശ്വസിക്കരുത്. പുറത്തുനിന്ന് എത്തുന്നവര്‍ക്കല്ല, ബംഗാളിലുള്ളവര്‍ക്കാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും കഴിയുകയെന്നും മമതാ ബാനര്‍ജി പറഞ്ഞു. പൊതുപരിപാടിയിലാണ് മമതാ ബാനര്‍ജി ഒവൈസിക്കെതിരെ രംഗത്തെത്തിയത്.
ഹൈദരാബാദ് കേന്ദ്രീകരിച്ച് ന്യൂനപക്ഷ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മമത വ്യക്തമാക്കിയിരുന്നു. ബംഗാളിലെ മുസ്ലീങ്ങളുടെ വികസനം ഏറ്റവും പിന്നിലാണെന്ന് ഒവൈസ് വിമര്‍ശിച്ചതിന് പിന്നാലെയാണ് മമതയും രംഗത്തെത്തിയത്. സത്യം പറയുന്നത് മത തീവ്രവാദമല്ലെന്നാണ് ഒവൈസി പ്രതികരിച്ചത്. ബംഗാളിലെ മുസ്ലീങ്ങളുടെ മാനവ വികസന സൂചിക വളരെ പിന്നിലാണ്. ഹൈദരാബാദില്‍ നിന്നുള്ള ഞങ്ങളെക്കുറിച്ച് ദീദി ആശങ്കപ്പെടുകയാണെങ്കില്‍ ബംഗാളില്‍ ബിജെപിക്ക് എങ്ങനെ 18 സീറ്റ് കിട്ടിയെന്ന് പറയണമെന്ന് ഒവൈസി ട്വീറ്റ് ചെയ്തു.
ബംഗാളിലെ മുസ്ലിം സമുദായത്തെ ഒവൈസിയുടെ പാര്‍ട്ടി ലക്ഷ്യമിടുന്നതായി മമതാ ബാനര്‍ജി നേരത്തെയും സൂചിപ്പിച്ചിരുന്നു. ഒവൈസി ബിജെപിയുടെ ബി ടീമാണെന്നും ന്യൂനപക്ഷ തീവ്രവാദമാണ് ഒവൈസിയുടെ ചെയ്യുന്നതെന്നും മമത പറഞ്ഞിരുന്നു.
