കൊൽക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ വ്യോമസേന തിരിച്ചടി നല്‍കിയതിന്‍റെ വിശദ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ്  ബാലാകോട്ട് ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ അറിയണമെന്ന് മമതാ ബാനർജി ആവശ്യപ്പെട്ടത്.

ബാലാകോട്ട് ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സർവ്വകക്ഷിയോ​ഗം വിളിച്ചു ചേർത്തില്ല. ഭീകരതാവളങ്ങള്‍ തകര്‍ത്തതിന്‍റെ വിശദ വിവരങ്ങൾ പുറത്ത് വിടണം. എവിടെയാണ് ബോംബ് വർഷിച്ചത്, എത്ര പേരാണ് കൊല്ലപ്പെട്ടത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണം. വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ ചിലതില്‍ ആരും മരിച്ചിട്ടില്ലെന്നാണ് പറയുന്നത്. ചില മാധ്യമങ്ങൾ പറയുന്നു ഒരാളാണ് മരിച്ചതെന്ന്. അതിനാല്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്നും മമത ആവശ്യപ്പെട്ടു. 

പുൽവാമ ഭീകരാക്രമണത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് നേരത്തെ മമതാ ബാനർജി ആരോപിച്ചിരുന്നു. രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുദ്ധക്കൊതി ഉണ്ടാക്കിയെടുക്കാനാണ് ഭീകരാക്രമണത്തിലൂടെ സർക്കാർ ശ്രമിച്ചതെന്നും മമത കുറ്റപ്പെടുത്തുകയുണ്ടായി.