യാസ് ചുഴലിക്കാറ്റ് വീശിയടിച്ച ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ ശേഷമാണ് കലൈകുണ്ടയില്‍ പ്രധാനമന്ത്രി എത്തിയത്. 

ദില്ലി: യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സംസ്ഥാന ഉദ്യോഗസ്ഥരും പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, കലൈകുണ്ട എയര്‍ബേസില്‍ പ്രധാനമന്ത്രിയും മമതയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. 

ബംഗാള്‍ മുഖ്യമന്ത്രിയുടെ പെരുമാറ്റം അസാധാരണമാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരത്താത്തതാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. യാസ് ചുഴലിക്കാറ്റ് വീശിയടിച്ച ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ ശേഷമാണ് കലൈകുണ്ടയില്‍ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ ബംഗാള്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും പങ്കെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

സ്ഥലത്തുണ്ടായിട്ടും ബംഗാള്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ അരമണിക്കൂറോളം മുഖ്യമന്ത്രിയെ കാത്തിരുന്നു. എന്നാല്‍, പെട്ടെന്ന് എത്തി കുറച്ച് കടലാസുകള്‍ പ്രധാനമന്ത്രിയെ ഏല്‍പ്പിച്ച് അവര്‍ തിരിച്ചുപോയെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ദുരന്ത സമയത്തും മമത രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും കേന്ദ്രം കുറ്റപ്പെടുത്തി. അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പങ്കെടുത്തു. 

പ്രധാനമന്ത്രിയുടെ അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വിഷയത്തില്‍ മമതാ ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തിയിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടേറ്റ തോല്‍വിയുടെ ക്ഷീണം മമതക്ക് മാറിയിട്ടില്ലെന്നും മാളവ്യ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona