Asianet News MalayalamAsianet News Malayalam

ഹിന്ദുക്കൾക്കും ജൈനൻമാർക്കും രാജ്യം വിടേണ്ടി വരില്ല, നിങ്ങളെ ഞങ്ങൾ സംരക്ഷിക്കുമെന്ന് അമിത് ഷാ

ഒറ്റ നുഴഞ്ഞുകയറ്റക്കാരനെയും ഇന്ത്യയില്‍ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കിയിരിക്കും. എന്നാല്‍  ഒരു അഭയാർഥിക്ക് പോലും ഇന്ത്യ വിട്ട് പോകേണ്ടി വരില്ലെന്ന് അമിത് ഷാ.

Mamata Banerjee spreading lies on NRC says Amit Shah in Bengal
Author
Kolkata, First Published Oct 1, 2019, 5:51 PM IST

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ ഹിന്ദുക്കൾക്കും ജൈനൻമാർക്കും രാജ്യം വിടേണ്ടി വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ പശ്ചിമ ബംഗാൾ വിടേണ്ടിവരുമെന്ന മമ്ത ബാനര്‍ജിയുടെ വാദം പച്ച നുണയാണ്. ഇതിനേക്കാൾ വലിയ നുണയില്ല. ദേശീയ പര്വത രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ഇത്തരത്തിലുള്ള ഒന്നും സംഭവിക്കില്ല. ഹിന്ദു, സിഖ്, ജൈന, ബുദ്ധമത, കൃസ്ത്യന്‍ അടക്കം എല്ലാ സമുദായത്തിലുമുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ വിടാന്‍ കേന്ദ്രം നിങ്ങളെ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും അമിത്ഷാ വ്യക്തമാക്കി.

കിംവദന്തികൾ വിശ്വസിക്കരുത്. എൻ‌ആർ‌സിക്ക് മുമ്പ്  ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരും, അത് നിങ്ങള്‍ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ ദേശീയ പൗരത്വ രജിസ്ട്രനെതിരായ പ്രചാരണത്തിനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. എൻ‌ആർ‌സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെനന്നാണ് ദീദി പറയുന്നത്. അത് തന്റെ വോട്ടർ അടിത്തറ വിപുലീകരിക്കാൻ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിര്‍ത്താന്‍  ആഗ്രഹിക്കുന്നത് കൊണ്ടാണ്. തൃണമൂൽ കോൺഗ്രസ് എത്ര എതിര്‍ത്താലും ബിജെപി പൗരത്വ രജിസ്റ്റര്‍ പൂർത്തിയാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

ഒറ്റ നുഴഞ്ഞുകയറ്റക്കാരനെയും ഇന്ത്യയില്‍ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കിയിരിക്കും. എന്നാല്‍  ഒരു അഭയാർഥിക്ക് പോലും ഇന്ത്യ വിട്ട് പോകേണ്ടി വരില്ല. ഇതാണ് ബിജെപി നല്‍കുന്ന ഉറപ്പെന്ന് അമിത് ഷാ വ്യക്തമാക്കി.  'കമ്യൂണിസ്റ്റുകാർക്ക് വോട്ടുചെയ്യുമ്പോൾ ഇതേ ആളുകളെ ദീദി എതിർക്കുമായിരുന്നു, ഇപ്പോൾ അവർ തൃണമൂലിന് വോട്ടു ചെയ്യുന്നു. അതുകൊണ്ടാണ്  അത്തരക്കാരെ നിലനിർത്താൻ ദീദി ആഗ്രഹിക്കുന്നത്.  

തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷയായ മമ്ത  തന്റെ പാർട്ടിയുടെ താൽപ്പര്യത്തിന് പ്രഥമസ്ഥാനം നൽകി. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടെ താൽപ്പര്യമല്ല, ദേശീയ താൽപ്പര്യമാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ ഭാരം കൊണ്ട് ലോകത്തിലെ ഒരു രാജ്യത്തിനും സുഗമമായി പ്രവർത്തിക്കാൻ കഴിയില്ല. ഈ പ്രവര്‍ത്തനം അവസാനിപ്പിക്കണം. അതിനായാണ് ബംഗാളിലും ഞങ്ങള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനായി എന്‍ആര്‍സി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. അത് ഞങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യും- അമിത് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios