കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി വെല്ലുവിളിയെ നേരിടാന്‍ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദരിദ്ര വിഭാഗവുമായി അടുത്ത് ഇടപെടാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രമം ആരംഭിച്ചു. തിങ്കളാഴ്ച ഹൗറയിലെ ചേരിയില്‍ മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തി പ്രദേശവാസികളുടെ പരാതി കേട്ടു. 400 കുടുംബങ്ങള്‍ക്ക് രണ്ട് വീതം കക്കൂസും കുളിമുറിയും മാത്രമാണുള്ളതെന്ന് 29ാം വാര്‍ഡിലെ ആളുകള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന്, വകുപ്പ് മന്ത്രിയോട് മമതാ ബാനര്‍ജി ക്ഷുഭിതയായി.  

സന്ദര്‍ശനത്തിന് ശേഷമുള്ള യോഗത്തിലായിരുന്നു നഗരവികസനകാര്യ മന്ത്രി ഫിര്‍ഹാദ് ഹക്കീമിനോട് മന്ത്രി കാര്യങ്ങള്‍ തിരക്കിയത്. ബസ്തി മേഖലയില്‍ ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ 400 വീടുകള്‍ക്ക് രണ്ട് കക്കൂസ് മാത്രമാണ് കണ്ടത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. നഗരവികസനത്തിന് നമ്മള്‍ ഫണ്ട് അനുവദിക്കുന്നില്ലേ...ആരാണ് കൗണ്‍സിലര്‍. അയാളെന്താണ് ചെയ്യുന്നതെന്നും മമത ചോദിച്ചു. എത്രയും വേഗത്തില്‍ കക്കൂസുകള്‍ നിര്‍മിച്ച് നല്‍കി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. 

എന്നാല്‍,  കൊലപാതകക്കേസില്‍ അകപ്പെട്ട തൃണമൂല്‍ കൗണ്‍സിലര്‍ 2017 മുതല്‍ ജയിലിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ ചേരികളില്‍ സന്ദര്‍ശനം നടത്തി അവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മമത നിര്‍ദേശം നല്‍കി.മിഡ്നാപുരിലെ പ്രശസ്തമായ കടല്‍തീര ടൂറിസം കേന്ദ്രമായ ദിഖയില്‍ മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തും.

അവിടെയുള്ള മത്സ്യത്തൊഴിലാളികളെ നേരില്‍ക്കണ്ട് സംസാരിക്കാനും മമതാ ബാനര്‍ജി തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരെ കൂടെകൂട്ടിയാണ് മമതയുടെ ചേരി സന്ദര്‍ശനം. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നത് തടയാനാണ് പിആര്‍ വിദഗ്ധനായ പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശമനുസരിച്ച് മമതാ ബാനര്‍ജി പുതിയ നീക്കം നടത്തുന്നത്.