വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെടുമെന്നും ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്നും സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ പ്രവചിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും തൃണമൂൽ കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായ വാദപ്രതിവാദങ്ങൾ. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ തോറ്റ മുഖ്യമന്ത്രി മമത ബാനർജി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ. ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലെ ജനങ്ങളെ വഞ്ചിച്ച നേതാവാണ് മമതയെന്നും, ജനങ്ങൾ അവർക്കെതിരെ വിധിയെഴുതാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും തീവ്രവാദ ശക്തികൾക്ക് പോലും ബംഗാൾ സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നും ഷമിക് ഭട്ടാചാര്യ വിമർശിച്ചു. റോഹിങ്ക്യകൾക്ക് മാത്രമാണ് സംസ്ഥാനത്ത് മികച്ച പരിഗണന ലഭിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്നും ഇത് ബംഗാളിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രത്യേക മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെന്നും എന്നാൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗാളിലെ ജനം സിപിഎമ്മിനെയും കോൺഗ്രസിനെയും ജനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞവരാണ്. സംസ്ഥാനത്ത് ബിജെപിയും തൃണമൂലും തമ്മിലാണ് നേരിട്ടുള്ള പോരാട്ടമെന്നും ഷമിക് ഭട്ടാചാര്യ പറഞ്ഞു.