ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയ മമത, ബംഗാളിൽ അവർ അധികാരം പിടിച്ചാൽ മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.

ബംഗാൾ: ബിജെപി അധികാരത്തിൽ വന്നാൽ പശ്ചിമബംഗാളിലെ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന കടുത്ത ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയ മമത, ബംഗാളിൽ അവർ അധികാരം പിടിച്ചാൽ മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപിയുടെ രാഷ്ട്രീയ ശൈലി ഏകപക്ഷീയമാണെന്നും അവർ ഒരു മതത്തിലും യഥാർത്ഥത്തിൽ വിശ്വസിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. കലാപങ്ങൾ അഴിച്ചുവിട്ടും ആളുകളെ കൊലപ്പെടുത്തിയുമാണ് ബിജെപി പലയിടത്തും അധികാരം പിടിച്ചെടുത്തത്. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കും എതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ബംഗാളി സംസാരിക്കുന്നവർ ഇത്തരം ഇടങ്ങളിൽ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും അവർ ആരോപിച്ചു. 

ജനങ്ങളെ അടിച്ചമർത്തുന്ന രാഷ്ട്രീയമല്ല ബംഗാളിന്റേതെന്ന് വ്യക്തമാക്കിയ മമത, വിദ്വേഷം പടർത്തുന്ന ബിജെപി നിലപാടുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ഭക്ഷണരീതികളുടെയും ഭാഷയുടെയും പേരിൽ ജനങ്ങളെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ ബംഗാളിൽ എല്ലാവർക്കും തുല്യസ്വാതന്ത്ര്യമാണുള്ളതെന്നും ആരുടെയും അവകാശങ്ങൾ താൻ കവർന്നെടുക്കില്ലെന്നും അവർ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.