റോഡ് മാര്‍ഗമുള്ള അന്തര്‍ സംസ്ഥാന ഗതാഗതം പശ്ചിമ ബംഗാള്‍ പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. റെയില്‍ ഗതാഗതവും നിലച്ചു. ഇതിനിടയില്‍ വിമാന മാര്‍ഗം ഗതാഗതത്തിന് അനുമതി നല്‍കുന്നത് നോവല്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തിന് കാരണമാകും

കൊല്‍‌ക്കത്ത: പശ്ചിമ ബംഗാളിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് പുറമേ ആഭ്യന്തര സര്‍വ്വീസുകളും നിര്‍ത്തി വക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. സംസ്ഥാനത്തേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തി വക്കണമെന്നും കൊവിഡ് 19 ന്‍റെ വ്യാപനം തടയാന്‍ ഇത് ആവശ്യമാണെന്നും മമത ബാനര്‍ജി കത്തില്‍ ആവശ്യപ്പെടുന്നു. 

വിഐപിയാണെന്ന് കരുതി കൊവിഡ് പരിശോധനയിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ല; വിമർശിച്ച് മമത ബാനർജി

സംസ്ഥാനത്ത് ചുമത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളെക്കുറിച്ച് തിങ്കളാഴ്ച നല്‍കിയ കത്ത് വിശദമാക്കുന്നു. അഞ്ച് മണി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൌണിനേക്കുറിച്ചും മമത ബാനനര്‍ജി കത്തില്‍ വിശദമാക്കുന്നു. റോഡ് മാര്‍ഗമുള്ള അന്തര്‍ സംസ്ഥാന ഗതാഗതം പശ്ചിമ ബംഗാള്‍ പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. റെയില്‍ ഗതാഗതവും നിലച്ചു. ഇതിനിടയില്‍ വിമാന മാര്‍ഗം ഗതാഗതത്തിന് അനുമതി നല്‍കുന്നത് നോവല്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തിന് കാരണമാകുമെന്നാണ് സംസ്ഥാനം നിരീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിമാന ഗതാഗതത്തിന് അനുമതി നല്‍കുന്നത് സംസ്ഥാനം ആശങ്കയോടെയാണ് കാണുന്നതെന്നും മമതാ ബാനര്‍ജിയുടെ കത്ത് വിശദമാക്കുന്നു. 

കേരളത്തിന് പിന്നാലെ പ്രഖ്യാപനങ്ങളുമായി ബംഗാളും; സൗജന്യ റേഷന്‍ നല്‍കും

വിമാനങ്ങളില്‍ എത്തുന്നവരില്‍ പലരും ക്വാറന്‍റൈന്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കുന്നത് ശ്രമകരമാണ്. അതിനാല്‍ തന്നെ പശ്ചിമ ബംഗാളിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തി വക്കണമെന്നാണ് ആവശ്യം. ഞായറാഴ്ചയാണ് സംസ്ഥാനത്ത് പൂര്‍ണമായും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയതോടെയാണ് നടപടി. മാര്‍ച്ച് 27 വരെയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കൊവിഡ്: കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ സാക്ഷിയാക്കി മമതയുടെ അവാര്‍ഡ് ദാന ചടങ്ങ്