ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗാളിനെ നശിപ്പിച്ചെന്നും കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 70 ലക്ഷം കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായ പദ്ധതി പിഎം കിസാന്‍ പദ്ധതി ബംഗാളില്‍ വിതരണം ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി. മൂന്ന് ദശാബ്ദം ബംഗാള്‍ ഭരിച്ച ഇടതുപാര്‍ട്ടികള്‍ സംസ്ഥാനത്തെ താഴോട്ടാക്കി. കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ഇപ്പോള്‍ കര്‍ഷകരുടെ പേര് പറഞ്ഞ് ദില്ലിയിലെ ജനങ്ങളെ ദ്രോഹിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയുമാണെന്ന് മോദി കുറ്റപ്പെടുത്തി.

ഇടതു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മണ്ഡികള്‍ ഇല്ല എന്നത് അവര്‍ മറക്കുന്നു. കേരളത്തില്‍ എപിഎംസി മണ്ഡികള്‍ നടപ്പാക്കിയിട്ടില്ല. ഈ ആളുകള്‍ ഒരിക്കലും കേരളത്തില്‍ പ്രക്ഷോഭം നടത്തില്ല. മോദി പറഞ്ഞു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിനെ നശിപ്പിച്ചു. 15 വര്‍ഷം മുമ്പുള്ള മമതാ ബാനര്‍ജിയുടെ പ്രസംഗം കേട്ടാല്‍ അറിയാം അവര്‍ ബംഗാളിനെ എത്രത്തോളം നശിപ്പിച്ചെന്നെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി ബംഗാളില്‍ നടപ്പാക്കിയില്ല. മമതാ ബാനര്‍ജിയുടെ ഭരണം കര്‍ഷകര്‍ക്ക് എതിരാണെന്നും മോദി കുറ്റപ്പെടുത്തി.