ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അസ്സം ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ചര്‍ച്ചയായതായി മമതാബാനര്‍ജി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 'പത്തൊമ്പത് ലക്ഷത്തോളം പേരാണ് അസ്സം എന്‍ ആര്‍സിയില്‍ നിന്നും പുറത്തായത്. അവരില്‍ ബംഗാളിഭാഷ സംസാരിക്കുന്നവരും ഹിന്ദിസംസാരിക്കുന്നവരും ഖൂര്‍ക്കകളുമടക്കം ഉള്‍പ്പെടുന്നുണ്ട്'. ഇക്കാര്യത്തില്‍ പുനപരിശോധന വേണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായും മമത കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂ എന്നും  കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു. 

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് മമത പ്രതികരിച്ചു. ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ബംഗാളിന്‍റെ അതിന്‍റെ ആവശ്യവുമില്ല. അസ്സമിനെക്കുറിച്ചാണ് ചര്‍ച്ചയായതെന്നും മമത കൂട്ടിച്ചേര്‍ത്തു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച  നടത്തുന്നത്. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മമത അമിത് ഷായെ കണ്ടത്.