കൊല്‍ക്കത്ത: രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വേദി പങ്കിടുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മാറുന്നു. വേദി പങ്കിടാന്‍ മമത സമ്മതം മൂളിയെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്‍റെ 150ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുക്കുക. ഷിപ്പിംഗ് മന്ത്രി മാന്‍സുഖ് മാന്‍ഡവ്യയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വേദി പങ്കിടാന്‍ മമത സമ്മതിച്ചത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ മമതാ ബാനര്‍ജി സമരമുഖത്ത് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോദി ബംഗാളിലെത്തുന്നത്. മോദിയുമായി മമത വേദി പങ്കിടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍, ശനിയാഴ്ച രാത്രി രാജ്ഭവനില്‍ മോദിക്കായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ മമത പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ വിരുന്നിന് മമതയെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. 

2019 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മമതയും മോദിയും വേദി പങ്കിട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ മമതയുടെ പ്രതീക്ഷ തെറ്റിച്ച് 18 സീറ്റ് നേടി ബിജെപി വന്‍ മുന്നേറ്റം നടത്തിയിരുന്നു. 2018ല്‍ വിശ്വഭാരതിയിലെ ബംഗ്ലാദേശ് ഭവന്‍ ഉദ്ഘാടനത്തിനാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തുന്നു. 

പൗരത്വനിയമ ഭേദഗതിക്ക് ശേഷം ബിജെപിക്കെതിരെ മമത കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സിഎഎ ബംഗാളില്‍ നടപ്പാക്കില്ലെന്നും മമത വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രധാനമന്ത്രിക്കെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ കൊല്‍ക്കത്തയില്‍ വഴി തടയാനാണ് പ്രതിഷേധക്കാര്‍ ആഹ്വാനം. മോദിയെത്തുമ്പോൾ വിമാനത്താവളം വളയാനും ആഹ്വാനം  പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ശനിയാഴ്ച വൈകിട്ട് കൊല്‍ക്കത്തയിലെത്തും. പ്രതിഷേധം കണക്കിലെടുത്ത് വിമാവനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ പോകാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇതിനായി വ്യോമസേന ഹെലികോപ്റ്റര്‍ തയ്യാറാക്കി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നേരത്തെ പൗരത്വ നിയമ ഭേദഗതിയുിള്ള പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം റദ്ദു ചെയ്തിരുന്നു.