സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം കാട്ടി ബംഗാളില്‍ ഒറ്റക്ക് നീങ്ങുന്ന മമത, സഖ്യത്തിന്‍റെ പൊതു പ്രകടനപത്രികയിലും എതിര്‍പ്പ് ഉന്നയിക്കുകയാണ്

ദില്ലി: തൃണമൂല്‍ കോൺഗ്രസിന്‍റെ എതിര്‍പ്പില്‍ പ്രകടനപത്രിക പുറത്തിറക്കാനാവാതെ കോണ്‍ഗ്രസ്. ജാതിസെന്‍സെസ് വാഗ്ദാനത്തെ മമത ബാനര്‍ജ്ജി എതിര്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം .സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം കാട്ടി ബംഗാളില്‍ ഒറ്റക്ക് നീങ്ങുന്ന മമത, സഖ്യത്തിന്‍റെ പൊതു പ്രകടനപത്രികയിലും എതിര്‍പ്പ് ഉന്നയിക്കുകയാണ്. ജാതിസെന്‍സെസ് പ്രധാന വാഗ്ദാനമായി ഉന്നയിച്ച് പ്രകടന പത്രിക പുറത്തിറാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം ആര്‍ജെ‍ഡി, എന്‍സിപി, ഇടത് കക്ഷികളൊക്കെ സ്വാഗതം ചെയ്തു. എന്നാല്‍ ജാതിസെന്‍സസ് കോണ്‍ഗ്രസിന്‍റെ അജണ്ടയാണെന്നും അതിന്‍റെ പിന്നാലെ പോകാനില്ലെന്നുമാണ് മമതയുടെ ആക്ഷേപം. മാത്രമല്ല കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്‍പോട്ട് വനിത ക്ഷേമ പദ്ധതികളും, അഗ്നിപഥ് പിന്‍വലിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ അതേ പടി പകര്‍ത്തിയാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രകടന പത്രിക തയ്യാറാക്കുന്നതെന്നും മമത ആരോപിക്കുന്നു. അതുകൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന നിലപാടിലാണ് മമത.

ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ റാലിയില്‍ പ്രകടനപത്രിക പുറത്തിറക്കാന്‍ നേരത്തെ ആലോചന ഉണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസും സിപിഎമ്മും ചതിക്കുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബംഗാളില്‍ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാകാതിരുന്നതെന്ന മമത ബാനര്‍ജി വെളിപ്പെടുത്തി. ബംഗാളിലെ സഖ്യം ബിജെപിയെ സഹായിക്കാനാണെന്നും, സിപിഎമ്മിനും കോണ്‍ഗ്രസിനും ആരും വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു. ബംഗാളിന് പുറത്ത് മാത്രമേ ഇന്ത്യ സഖ്യമുള്ളൂവെന്നും റാലി നടക്കാനിരിക്കേ മമത വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ റാലിയില്‍ പ്രധാന കക്ഷി നേതാക്കള്‍ക്കൊപ്പം അരവിന്ദ് കെജരിവാളിന്‍റെ ഭാര്യ സുനിത കെജരിവാളും പങ്കെടുക്കും.