കൊൽക്കത്ത: ഇന്നലെ വൈകിട്ടോടെ കരയിലേക്ക് പ്രവേശിച്ച ഉംപുൺ ചുഴലിക്കാറ്റിൻ്റെ വേ​ഗത കുറഞ്ഞു. ചുഴലിക്കാറ്റിൽ ബം​ഗാളിൽ 12 പേരാണ് മരിച്ചത്. 5500 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംപുൺ കരയിലേക്ക് പ്രവേശിച്ചത്. ബം​ഗാളിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റ‍ർ വരെ വേ​ഗത്തിലാണ് കാറ്റ് വീശിയത്. 

കൊല്‍ക്കത്തയില്‍ പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില‍് ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഡീഷയിലെ പുരി , ജാജ്പൂര്‍, ഗഞ്ചം അടക്കമുള്ളിടങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്.3

ഉംപൂൺ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 12 പേര് മരിച്ചെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നോർത്ത്, സൗത്ത് പർഗാനസിൽ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. ഉംപുൺ കോവിഡിനേക്കാൾ വലിയ പ്രഹരം ബംഗാളിന് ഏല്പിച്ചെന്ന് മമത പറഞ്ഞു. കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണം എന്നും മമത ആവശ്യപ്പെട്ടു.രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുൻ നിർത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത പറഞ്ഞു.